നോയിഡ (മധ്യപ്രദേശ്): തിരക്കേറിയ റോഡില്‍ വച്ച് യുവതിയെ പ്രസവിക്കാൻ സഹായിച്ച നഴ്‌സുമാർക്ക് അഭിനന്ദന പ്രവാഹം. ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്ക് എന്ന തിരക്കേറിയ ജങ്ഷനിലാണ് സംഭവം. പരിസരത്തുള്ള ശാരദ ആശുപത്രിയിലെ നഴ്‌സുമാരായ ജ്യോതി, രേണു ദേവി എന്നിവാണ് 33 കാരിയായ രോഷ്‌നി ശർമയെ പ്രസവിക്കാൻ സഹായിച്ചത്.
രേണു ദേവി ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോകവെയാണ് രോഷ്‌നിയുടെ ഭർത്താവ് പ്രശാന്ത് ശർമ്മ റോഡരികിൽ ഭാര്യക്കായി സഹായം അഭ്യർത്ഥിക്കുന്നത് കണ്ടത്. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ രേണു ഉടൻ തന്നെ സഹപ്രവർത്തകയായ ജ്യോതിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരുടെയും സഹായത്തോടെ രോഷ്‌നി പാതയോരത്ത് പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവത്തിന് ശേഷം കുട്ടിയെ ജാക്കറ്റിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു.
"ഞാൻ അവിടെ എത്തിയപ്പോൾ തന്നെ ആ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു, ഉടന്‍ തന്നെ ഞാൻ എൻ്റെ സഹ നഴ്‌സായ ജ്യോതിയെ വിളിച്ചു, അവളും ഡ്യൂട്ടിക്ക് പോകും വഴിയായിരുന്നു. അവളും ഉടൻ വന്നു. ആദ്യം ഞങ്ങൾ ആദ്യം അവളെ അവളുടെ തന്നെ ഷാൾ ഉപയോഗിച്ച് മറച്ചു. അതിനുശേഷം ഞങ്ങൾ രണ്ടുപേരും ചേർന്ന് അവൾക്ക് സാധാരണ പ്രസവം നടത്തി.” രേണു പറഞ്ഞു.