ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയെ ഇന്തോ-യുഎസ് രാജ്യാന്തര ബഹിരാകാശ കേന്ദ്ര ദൗത്യത്തിലെ മുഖ്യ യാത്രികനായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്‌ആര്‍ഒ) അറിയിച്ചതാണ് ഇക്കാര്യം.
2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ച വേളയിലാണ് ഐഎസ്‌ആര്‍ഒയുടെയും നാസയുടെയും സംയുക്ത ബഹിരാകാശ ദൗത്യത്തിനുള്ള ധാരണയില്‍ ഒപ്പ് വച്ചത്. ഇതിനായി നാസയുടെ സേവന ദാതാക്കളായ ആക്‌സിയോ സ്പെയിസ് ഇന്‍കുമായി ഐഎസ്ആര്‍ഒ ഒരു സ്പെയ്‌സ് ഫ്ളൈറ്റ് കരാറിലെത്തി.
രണ്ട് മുഖ്യ ഗഗന്‍ യാത്രികരെയും ഒരു ദൗത്യ വൈമാനികനെയുമാണ് ദേശീയ ദൗത്യ അസൈന്‍മെന്‍റ് ബോര്‍ഡ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ഇതിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ബാക്ക് അപ് വൈമാനികനായിരിക്കും.
മള്‍ട്ടിലാറ്ററല്‍ ക്രൂ ഓപ്പറേഷന്‍ പാനലിന്‍റെ അന്തിമ അംഗീകാരം കിട്ടിയാല്‍ മാത്രമേ ഇവരെ ബഹിരാകാശത്തേക്ക് അയക്കൂവെന്നും ഐഎസ്‌ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശുപാര്‍ശ ചെയ്യപ്പെട്ട യാത്രികര്‍ക്കുള്ള പരിശീലനം ഈമാസം ആരംഭിക്കും.
ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇവര്‍ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ക്കും സാങ്കേതിക പരീക്ഷണങ്ങള്‍ക്കും മറ്റും വിധേയരാകണം. ഐഎസ്ആര്‍ഒയുടെ ഭാവിയിലെ ബഹിരാകാശ മനുഷ്യ ദൗത്യങ്ങള്‍ക്ക് ഈ ദൗത്യത്തിലൂടെ ലഭിക്കുന്ന അനുഭവങ്ങള്‍ പ്രചോദനമാകും. ഐഎസ്‌ആര്‍ഒയും നാസയും തമ്മിലുള്ള ബഹിരാകാശ യാത്ര മേഖലയിലെ കൂടുതല്‍ സഹകരണത്തിനും ഈ ദൗത്യം സഹായകമാകും.
മൂന്നംഗ സംഘത്തെ 400 കിലോമീറ്ററിനപ്പുറമുള്ള ഭ്രമണപഥത്തില്‍ മൂന്ന് ദിവസത്തേക്ക് എത്തിക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ഇവരെ പിന്നീട് സുരക്ഷിതമായി തിരികെ എത്തിക്കും. ഇന്ത്യയുടെ സമുദ്രത്തിലാകും ഇവരെ തിരികെ ഇറക്കുക.
ഫെബ്രുവരിയിലാണ് ബഹിരാകാശ യാത്രയ്ക്കുള്ള നാല് ഇന്ത്യന്‍ വ്യോമസേന വൈമാനികരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ പ്രശാന്ത് നായര്‍, അജിത് കൃഷ്‌ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവരുടെ പേരുകളായിരുന്നു ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിലേക്ക് അദ്ദേഹം പ്രഖ്യാപിച്ചത്. 2024-25ല്‍ ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നാലുപേരും റഷ്യയിലെ യൂറിഗഗാറിന്‍ ബഹിരാകാശ പരിശീലന കേന്ദ്രത്തില്‍ പരിശീലനവും പൂര്‍ത്തിയാക്കി. ഗഗാന്‍ ദൗത്യത്തിന്‍റെ പുരോഗതി പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പെയ്‌സ് സെന്‍ററില്‍ നേരിട്ടെത്തി വിലയിരുത്തുകയും ചെയ്‌തു.
Also Read:ഇന്ത്യയുടെ ആദ്യ വ്യോമനട്‌സുകള്‍, അറിയാം ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്‍റെ അകവും പുറവും