കേരളം

kerala

ETV Bharat / bharat

നാളെ മഹാശിവരാത്രി, ഉത്സവത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍, ശിവാലയ ഓട്ടത്തിന് ഇന്ന് തുടക്കം - MAHA SHIVARATRI 2025

സ്‌ത്രീകള്‍ വ്രതമെടുക്കുന്നത് കുടുംബത്തിന്‍റെയും ഭര്‍ത്താവിന്‍റെയും ഐശ്വര്യത്തിന്. അറിയാം മഹാ ശിവരാത്രിയുടെ പുണ്യമാഹാത്മ്യം.

MAHA SHIVARATRI 2025  SHIVA TEMPLES IN INDIA  SHIVALAYA OOTTAM  ശിവരാത്രി ക്ഷേത്ര സന്ദര്‍ശനം
Shiva Temple. (ETV Bharat)

By ETV Bharat Kerala Team

Published : Feb 25, 2025, 5:27 PM IST

Updated : Feb 25, 2025, 7:36 PM IST

തിരുവനന്തപുരം: മഹാശിവരാത്രി ആഘോഷത്തിനൊരുങ്ങി നാട്. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും കാണാനാകുക. നാമജപവും ഓട്ടുമണികിലുക്കവും ഭക്തരെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എങ്ങും പൂക്കളുടെയും ചന്ദനത്തിരികളുടെയും സുഗന്ധം മാത്രം.

ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഉത്സവലഹരിയിലാണ്. അമ്മമാരും മുതിര്‍ന്ന സ്‌ത്രീകളും വ്രതം ആരംഭിച്ചു കഴിഞ്ഞു. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഐശ്വര്യത്തിന് ശിവരാത്രി വ്രതം ഏറെ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം.

തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ പ്രധാന ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ശിവാലയ ഓട്ടത്തിന് ഇന്ന് സന്ധ്യയ്ക്ക് തുടക്കമാകും. ശിവഭക്തരെ വരവേല്‍ക്കാന്‍ ശിവാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

എന്താണ് ശിവാലയ ഓട്ടം ?

കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ക്ഷേത്രങ്ങളില്‍ ഒരു രാത്രിയും പകലും കൊണ്ടും നഗ്‌നപാദരായി നടത്തുന്ന ദര്‍ശനമാണിത്. തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തുപ്പന്നിക്കോട്, തിരുനട്ടാലം എന്നീ പന്ത്രണ്ട് ക്ഷേത്രങ്ങളില്‍ ഒരു ദിവസം കൊണ്ട് ഓടി ദര്‍ശനം നടത്തുന്ന ആചാരമാണിത്. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ആചാരമാണ് ഇതിന് പിന്നില്‍.

ഇന്ന് സന്ധ്യയ്ക്ക് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം ആരംഭിക്കും. വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം, കൈകളില്‍ വിശറിയുണ്ടാകും. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളില്‍ ഒന്നില്‍ പ്രസാദ ഭസ്‌മവും മറ്റേതില്‍ വഴിക്കാവശ്യമായ പണവും കരുതും. ഗോവിന്ദ, ഗോപാല എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രങ്ങളിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. ശിവാലയ ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രം തൃശൂലപാണിഭാവത്തില്‍ ശിവനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന കുഴിത്തുറ വെട്ടുവെന്നിയില്‍ നിന്ന് തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലെ തിരുമല ക്ഷേത്രം. അവിടെ നിന്ന് നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്‌ഠയുള്ള തിക്കുച്ചി ശിവക്ഷേത്രം. മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാംവിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം. മൂന്നാമത്തെ ക്ഷേത്രം തൃപ്പരപ്പാണ്. കോതയാറിന്‍റെ തീരത്തുള്ള തൃപ്പരപ്പ് ശിവക്ഷേത്രത്തില്‍ ദക്ഷനെ വധിച്ച വീരഭദ്ര രൂപത്തിലാണ് ശിവ പ്രതിഷ്‌ഠ.

കേരളീയ ശില്‍പ്പകലാരീതിയില്‍ നന്ദികേശ രൂപത്തില്‍ ശിവ പ്രതിഷ്‌ഠയുള്ള തിരുനന്തിക്കരയാണ് നാലാമത്തെ ക്ഷേത്രം. അഞ്ചാമത് പൊന്‍മന ശിവക്ഷേത്രം. ഇവിടുത്തെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണ് അറിയപ്പെടുന്നത്. തീമ്പന് എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആ പേരുണ്ടായത്. അവിടെ നിന്ന് പന്നിപ്പാകം ക്ഷേത്രത്തില്‍ തൊഴണം.

കല്‍ക്കുളം ശിവക്ഷേത്രമാണ് ഏഴാമത്തേത്. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി സമേതനായ ശിവ പ്രതിഷ്‌ഠയും രഥോത്സവം നടക്കുന്നതുമായ ഏകക്ഷേത്രമാണിത്. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്‍റെ തലസ്ഥാനമായി കല്‍ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരമെന്ന് പേരിടുകയും ചെയ്‌തു. അവിടെ നിന്ന് കാലകാല രൂപത്തില്‍ പ്രതിഷ്‌ഠയും എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയവുമുള്ള മേലാങ്കോട് തൊഴണം. ചടയപ്പന്‍ അഥവ ജടയപ്പന്‍ പ്രതിഷ്‌ഠയുള്ള തിരുവിടൈക്കോട് ആണ് ഒന്‍പതാമത് തൊഴേണ്ടത്. ഇവിടുത്തെ നന്ദികേശന് ജീവന്‍ വച്ചതോടെയാണ് തിരുവിടൈക്കോട് എന്ന പേരുവന്നതാണെന്ന് ഐതിഹ്യം. അവിടെ നിന്ന് തിരുവിതാംകോട് ശിവക്ഷേത്രത്തിലെത്തണം. ആയ്, വേല്‍ രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണിത്.

മഹാവിഷ്‌ണുവിന്‍റെ വരാഹാവതാരവുമായി ബന്ധപ്പെട്ട തൃപ്പന്നിക്കോട് ശിവക്ഷേത്രമാണ് പതിനൊന്നാമതുള്ളത്. വരാഹത്തിന്‍റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണ് പ്രതിഷ്‌ഠ. ഒടുവില്‍ തിരുനട്ടാലം ശിവക്ഷേത്രത്തിലെത്തി ശങ്കര നാരായണ പ്രതിഷ്‌ഠയും ശിവപ്രതിഷ്‌ഠയും തൊഴുന്നതോടെ ശിവാലയ ഓട്ടക്രമം പര്യവസാനിക്കും.

ചെങ്കല്‍ ശിവക്ഷേത്രം, വൈക്കം ശിവ ക്ഷേത്രം, ഏറ്റുമാനുരപ്പന്‍, എറണാകുളത്തപ്പന്‍, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തുടങ്ങിയ അതിപ്രശസ്‌ത ശിവക്ഷേത്രങ്ങളിലും നാളെ വിശേഷാല്‍ ദിവസമാണ്. ഇതിന് പുറമെ നാട്ടിലെ ഓരോ ശിവക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും ലക്ഷദീപ കാഴ്‌ചകളും ഉത്സവങ്ങളും കെട്ടുകാഴ്‌ചയും കാണാനാകും. കൂടാതെ നാടകം ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഉറക്കമൊഴിക്കലാണ് ശിവരാത്രി ആചാരത്തില്‍ പ്രധാനം. വ്രതാനുഷ്‌ഠാനങ്ങളോടെ തുടങ്ങുന്ന ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുകയും പിറ്റേന്ന് ചന്ദ്രനെ കണ്ട ശേഷം ഉറങ്ങുകയും വേണമെന്നതാണ് ചിട്ട. പാലാഴി മഥനം ചെയ്‌തപ്പോള്‍ പുറത്ത് വന്ന കാളകൂട വിഷം ശിവന്‍ കുടിക്കുകയും അത് താഴേക്ക് പോകാതിരിക്കാന്‍ പാര്‍വതി ദേവി ശിവന്‍റെ കണ്ഠത്തില്‍ മുറുകെ പിടിക്കുകയും പുറത്തേക്ക് വീഴാതിരിക്കാന്‍ മഹാവിഷ്‌ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തെന്നും ഒടുവില്‍ വിഷം ശിവന്‍റെ കണ്ഠത്തില്‍ ഉറയ്ക്കുകയും ചെയ്‌തെന്നും അങ്ങനെ ശിവന്‍ നീലകണ്ഠനായെന്നുമാണ് വിശ്വാസം. ലോകം മുഴുവന്‍ അന്ന് ഉറങ്ങാതിരുന്ന് ശിവന്‍റെ ജീവന് കാവലിരുന്നതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ ശിവരാത്രി ദിനത്തിലെ ഉറക്കമൊഴിക്കല്‍. പിറ്റേദിവസം ഭൂമിയുറക്കവും.

മഹാശിവരാത്രി ദിനത്തില്‍ സന്ദര്‍ശിക്കേണ്ട ഇന്ത്യയിലെ ചില പ്രധാന ക്ഷേത്രങ്ങള്‍ കൂടി അറിയാം. ചരിത്രവും ഭക്തിയും കെട്ടുപിണഞ്ഞ് കിടക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം. ശിവനെ തേടുന്നവര്‍ക്ക് വാരണാസിയുടെയോ സോമനാഥിന്‍റെയോ തീരത്തേക്കോ കേദാര്‍നാഥിന്‍റെ മലമടക്കുകളിലേക്കോ ശിവലിംഗേശരന്‍റെ ആത്മാവിലേക്കോ പോകാം.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം:രാജ്യത്തെ ഏറ്റവും പഴക്കമുള്ള ജൈവ നഗരമാണ് കാശി. പുണ്യനദിയായ ഗംഗയുടെ തീരത്താണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം വിശ്വാസത്തിന്‍റെ പ്രകാശ ഗോപുമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്നു. ഈ ക്ഷേത്രം നിരവധി തവണ തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്‌തു. ഇതില്‍ പ്രധാനം പതിനെട്ടാം നൂറ്റാണ്ടില്‍ അഹില്യാബായ് ഹോല്‍ക്കറിന്‍റെ കാലത്തേതാണ്. ഇവിടെ വന്ന് ദര്‍ശനം നടത്തുന്നത് മോക്ഷത്തിന് കാരണമാകുമത്രേ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ക്ഷേത്രത്തിന് നിങ്ങളില്‍ ഒരു പ്രത്യേക വികാരം ഉണര്‍ത്താനാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രം:അറബിക്കടലിന്‍റെ തീരത്ത് ശക്തമായ തിരകള്‍ ഏറ്റുവാങ്ങി സോമനാഥ ക്ഷേത്രത്തിന്‍റെ കരിങ്കല്‍ ഭിത്തികള്‍ നിലകൊള്ളുന്നു. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ള ക്ഷേത്രമാണിത്. പലപ്പോഴും ഈ ക്ഷേത്രം തുടച്ച് നീക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്‌തതാണ്. നിലവിലുള്ള ക്ഷേത്രം 1951ല്‍ നിര്‍മ്മിച്ചതാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. മഹാശിവരാത്രി ദിനത്തില്‍ ക്ഷേത്രാങ്കണം ഭക്തരെക്കൊണ്ട് നിറയും. പ്രാര്‍ഥനകളും പൂജകളുമായി ഇവര്‍ കടല്‍ക്കാറ്റേറ്റ് രാത്രി മുഴുവന്‍ ഇവിടെ കഴിച്ച് കൂട്ടും. രാത്രിയില്‍ കടലിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ആരതി കാണേണ്ട കാഴ്‌ചയാണ്. രാത്രിയില്‍ പ്രകാശപൂരിതമായ ക്ഷേത്രത്തിന്‍റെ വെള്ളത്തിലെ പ്രതിബിംബവും അതിമനോഹരമായ കാഴ്‌ചയാണ്.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം:ഹിമാലയത്തിന്‍റെ ഉന്നത ശൃംഗങ്ങളിലേക്ക് കേദാര്‍നാഥ് ക്ഷേത്രം നിങ്ങളെ മാടിവിളിക്കുന്നു. പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. പിന്നീട് എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യര്‍ ഇതിനെ പുനരുദ്ധരിച്ചു. ഹിന്ദുമതത്തിലെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് കേദാര്‍നാഥ്. ഇത് കേവലം ഹൃദയത്തിന്‍റെ മാത്രം യാത്രയല്ല. പലപ്പോഴും മഹാശിവരാത്രി കാലത്ത് അമിതമായ മഞ്ഞു വീഴ്‌ച മൂലം ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാകാറില്ല. എന്നാല്‍ ക്ഷേത്ര സാന്നിധ്യം ഇവിടുത്തെ ഓരോ കല്ലിലും ഭക്തര്‍ക്ക് അനുഭവിക്കാനാകും.

തമിഴ്‌നാട്ടിലെ ബൃഹദേശ്വര ക്ഷേത്രം:തഞ്ചാവൂര്‍ നഗരത്തിലാണ് ബൃഹദേശ്വര ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടില്‍ രാജ രാജ ചോളനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. രാജ്യത്തെ മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഈ ക്ഷേത്രം. 66 മീറ്റര്‍ ഉയരമുള്ള ക്ഷേത്ര ഗോപുരം ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള നിര്‍മ്മിതികളില്‍ ഒന്നാണ്. പൂര്‍ണമായും ഗ്രാനൈറ്റിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ നിര്‍മ്മിതിക്ക് അടിത്തറയില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കാലത്തെ അതിജീവിച്ച് പ്രൗഢിയോടെ തലയുയര്‍ത്തി ഈ ഗോപുരം നിലകൊള്ളുന്നു. മഹാശിവരാത്രി നാളില്‍ സംഗീതവും നാമജപവും കര്‍ണാടക ശാസ്‌ത്രീയ നൃത്തവും കൊണ്ട് ക്ഷേത്രം മുഖരിതമാകും.

ഒഡിഷയിലെ ലിംഗരാജ ക്ഷേത്രം:ക്ഷേത്ര നഗരമായ ഭുവനേശ്വറിലാണ് ലിംഗ രാജ ക്ഷേത്രം നിലകൊള്ളുന്നത്. കലിംഗ വാസ്‌തു ശില്‍പ്പകലയുടെ മകുടോദാഹരണമാണ് പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം. ഹരിഹരന്‍ എന്നാണ് ഇവിടുത്തെ പ്രതിഷ്‌ഠയെ വിളിക്കുന്നത്.

വിഷ്‌ണുവിന്‍റെയും ശിവന്‍റെയും സമ്മേളനമാണ് ഇവിടുത്തെ മൂര്‍ത്തി. ഇന്ത്യയിലെ ക്ഷേത്ര ശില്‍പ്പകലയുടെ ഏറ്റവും മികച്ച ഉദാഹരണമാണിത്. 55 മീറ്റര്‍ ഉയരമുള്ള ഗോപുരവും ക്ഷേത്രത്തിന് മാറ്റ് കൂട്ടുന്നു. മഹാശിവരാത്രി നാളില്‍ പതിനായിരക്കണക്കിന് ദീപങ്ങള്‍ ക്ഷേത്രത്തെ അലങ്കരിക്കുന്നു. ഭക്തര്‍ ഉപവാസമനുഷ്‌ഠിച്ചും പാട്ടുപാടിയും നാമം ജപിച്ചും ആരതി നടത്തിയും ശിവരാത്രി ആചരിക്കുന്നു.

രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം:ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. രാമായണവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്‍റെ ഐതിഹ്യം. രാവണനുമായി യുദ്ധത്തിന് പോകും മുമ്പ് ഭഗവാന്‍ രാമന്‍ ശിവനെ ആരാധിച്ചത് ഇവിടെയാണെന്നാണ് സങ്കല്‍പ്പം. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുള്ള ക്ഷേത്രം കൂടിയാണിത്. 1200 മീറ്ററോളം നീളത്തില്‍ അലങ്കാരത്തൂണുകള്‍ നിരനിരയായി നിലകൊള്ളുന്നു. ഇവിടെ 22 പുണ്യ കിണറുകളുമുണ്ട്. ഇവിടെ പ്രാര്‍ഥിക്കും മുമ്പ് കുളി നടത്തണമെന്നാണ് വിശ്വാസം.

Also Read:ശിവരാത്രി ദിനത്തിൽ വ്രതം എടുക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ...

Last Updated : Feb 25, 2025, 7:36 PM IST

ABOUT THE AUTHOR

...view details