കേരളം

kerala

By ETV Bharat Kerala Team

Published : Mar 8, 2024, 4:09 PM IST

ETV Bharat / bharat

കുടിക്കാൻ വെള്ളമില്ലാതെ ബെംഗളൂരു, വാഹനം കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും വെള്ളം ഉപയോഗിച്ചാല്‍ പിഴ

കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ബെംഗളൂരുവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ആരംഭിച്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആരംഭിച്ച ഹെൽപ്പ് ലൈനില്‍ ദിനംപ്രതി നൂറുകണക്കിന് കോളുകൾ.

Bengaluru water shortage  Bengaluru  ബെംഗളൂരുവില്‍ കുടിവെള്ള ക്ഷാമം  കുടിവെള്ള ക്ഷാമം
Hundreds of calls to BBMP helpline as Water shortage extreme in Bengaluru

ബെംഗളൂരു : ബെംഗളൂരുവിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനായി ആരംഭിച്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആരംഭിച്ച ഹെൽപ്പ് ലൈനില്‍ വന്നത് നൂറുകണക്കിന് ഫോൺ കോളുകൾ. വെള്ളം ആവശ്യപ്പെട്ടാണ് ഭൂരിഭാഗം കോളുകളും വരുന്നതെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു. കുഴൽക്കിണറുകൾ വറ്റിയെന്നും ടാങ്കറില്‍ ജലവിതരണം നടത്തണമെന്നും പലരും ആവശ്യപ്പെടുന്നു. വെള്ളത്തിന് ഉയർന്ന ഫീസ് ഈടാക്കുന്നത് സംബന്ധിച്ചും ബിബിഎംപി ക്ക് പരാതി ലഭിച്ചു.

'മാർച്ച് 6-ന് ആണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡ് (BWSSB) 1916 എന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചത്. കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഈ നമ്പരിൽ പരാതിപ്പെടാം. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരുപാട് കോളുകൾ വന്നു. അപ്പാർട്ട്‌മെന്‍റുകളിൽ വെള്ളമില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. രജിസ്ട്രേഷൻ നിർബന്ധമായതിനാൽ സ്വകാര്യ ടാങ്കറുകൾ വെള്ളം വിതരണം ചെയ്യുന്നില്ല. അതിനാൽ ജലബോർഡ് വഴി വിതരണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളും ചേരികളുമാണ് ബിബിഎംപിയുടെ ശ്രദ്ധാ കേന്ദ്രം. നഗരത്തിന്‍റെ പുറം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ ഭാഗങ്ങളിൽ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കാൻ ബുദ്ധിമുട്ടുകയാണ്.' ഉദ്യോഗസ്ഥർ പറഞ്ഞു.

2008ൽ ബിബിഎംപിയിൽ ചേർന്ന 110 വില്ലേജുകളിലെ ജലക്ഷാമം പരിഹരിക്കാൻ 1533 എന്ന നമ്പരില്‍ മറ്റൊരു ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. കോർപ്പറേഷന്‍റെ പുറമ്പോക്ക് പ്രദേശങ്ങളിലെ 35 വാർഡുകളിലെ ഈ 110 വില്ലേജുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ബിബിഎംപി പ്രത്യേകം നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുഴൽക്കിണറുകളിൽ വെള്ളമില്ലാത്തതിനാല്‍ 5 രൂപ നാണയം ഇട്ട് വെള്ളം എടുക്കാവുന്ന ആര്‍ ഒ (റിവേഴ്‌സ് ഓസ്മോസിസ്) യൂണിറ്റുകൾ ഒന്നൊന്നായി അടച്ചുപൂട്ടുകയാണ്. കുറച്ച് വെള്ളം ബാക്കിയുള്ള കുഴൽക്കിണറുകളിലെ ആർഒ യൂണിറ്റുകൾ തത്കാലത്തേക്ക് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ മാത്രമാണ് ഇതില്‍ വെള്ളം ലഭിക്കുക.

അതിനിടെ, ക്ഷാമം മുതലെടുത്ത് ഉയര്‍ന്ന വില ഈടാക്കുന്ന സ്വകാര്യ വാട്ടർ ടാങ്കർ മാഫിയയെ തടയാൻ ബെംഗളൂരു ജില്ലാ ഭരണകൂടം വാട്ടർ ടാങ്കർ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. 5 കിലോമീറ്റർ ചുറ്റളവിൽ വെള്ളം വിതരണം ചെയ്യുന്ന 6,000 ലിറ്റർ ടാങ്കറിന് 600 രൂപയും 10 കിലോമീറ്റർ ചുറ്റളവിൽ 750 രൂപയുമാണ് നിരക്ക്. 5 കിലോമീറ്റർ ചുറ്റളവിൽ 8,000 ലിറ്റർ വെള്ളത്തിന് 700 രൂപയും 10 കിലോമീറ്ററിനുള്ളിൽ 8,000 ലിറ്റർ വെള്ളത്തിന് 850 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. അഞ്ച് കിലോമീറ്ററിനുള്ളിൽ 1200 ലിറ്റർ ടാങ്കറിന് 1000 രൂപയും 10 കിലോമീറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന 1200 ലിറ്റർ ടാങ്കറിന് 1200 രൂപയുമാണ് ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്ക്. ടാങ്കർ മാഫിയ ഒരു വാട്ടർ ടാങ്കറിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡ് നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ പിഴ ചുമത്തുമെന്നും ബോര്‍ഡ് അറിയിച്ചു. ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സെവറേജ് ആക്‌ട്-1964-ലെ സെക്ഷൻ 33, 34 പ്രകാരം, വാഹനങ്ങൾ വൃത്തിയാക്കല്‍, പൂന്തോട്ട പരിപാലനം, കെട്ടിട നിർമ്മാണം അമ്യൂസ്‌മെന്‍റ് ഫൗണ്ടനുകൾ, റോഡ് നിർമാണം, വൃത്തിയാക്കൽ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കൊന്നും ബെംഗളൂരു നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ ഡോ വി രാം പ്രസാത് മനോഹർ ഉത്തരവിൽ പറഞ്ഞു. നിയമലംഘകർക്ക് 5,000 രൂപ പിഴ ചുമത്തും. ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 1916 എന്ന നമ്പരിലേക്ക് വിളിച്ച് അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിക്കുന്നു.

1 കോടി 40 ലക്ഷത്തോളം പേര്‍ ബെംഗളൂരുവില്‍ സ്ഥിര താമസക്കാരും വന്നുപോകുന്നവരുമായി ഉണ്ടെന്ന് ഡോ.വി.രാം പ്രസാത് മനോഹർ പറഞ്ഞു. എല്ലാവർക്കും കുടിവെള്ളം അത്യാവശ്യമാണ്. നഗരത്തിലെ താപനില ദിനംപ്രതി ഉയരുകയാണ്. മഴയില്ലാത്തതിനാല്‍ ഭൂഗർഭജലവും കുറഞ്ഞു. ബെംഗളൂരു നഗരത്തിൽ വെള്ളം പാഴാകുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി പൊതുജനങ്ങൾ ജലം മിതമായി മാത്രം ഉപയോഗിക്കണം. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും രാം പ്രസാത് മനോഹർ പറഞ്ഞു.

Also Read :തുള്ളി കുടിക്കാനില്ലെങ്ങും; ബെംഗളൂരുവിന് ദാഹിക്കുന്നു, സർക്കാറിന് സമര മുന്നറിയിപ്പുമായി ബിജെപി നേതാക്കള്‍

ABOUT THE AUTHOR

...view details