ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി കമ്മിറ്റി തിങ്കളാഴ്‌ച അംഗീകാരം നൽകി. ബിജെപി നയിക്കുന്ന എൻഡി നിർദേശിച്ച എല്ലാ ഭേദഗതികളും അംഗീകരിച്ചുകൊണ്ടാണ് വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. 14 ഭേദഗതികളാണ് എൻഡിഎ നിര്‍ദേശിച്ചത്, ഇതുമുഴുവനും കമ്മിറ്റി അംഗീകരിച്ചു. പ്രതിപക്ഷമായ ഇന്ത്യാ സഖ്യം നിര്‍ദേശിച്ച ഭേദഗതികള്‍ സംയുക്ത പാർലമെന്‍ററി കമ്മിറ്റി തള്ളി.
10 എംപിമാര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 16 എംപിമാര്‍ പിന്തുണച്ചു. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റുകൾക്കൊപ്പം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും നിയമിക്കാൻ അനുവദിക്കുന്നതും വഖഫ് ട്രിബ്യൂണൽ അംഗങ്ങളെ 2 ൽ നിന്ന് 3 അംഗങ്ങളായി ഉയർത്തുന്നതും ഉൾപ്പെടെയുള്ള ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ആകെ 44 ഭേദഗതികൾ ചർച്ച ചെയ്‌തു. 6 മാസത്തിനിടെ വിശദമായ ചർച്ചകൾക്ക് ശേഷം ഞങ്ങൾ എല്ലാ അംഗങ്ങളിൽ നിന്നും ഭേദഗതികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. ഇത് ഞങ്ങളുടെ അവസാന യോഗമായിരുന്നു. അതിനാൽ, ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിൽ 14 ഭേദഗതികൾ കമ്മിറ്റി അംഗീകരിച്ചു. പ്രതിപക്ഷവും ഭേദഗതികൾ നിർദേശിച്ചു. ഞങ്ങൾ ആ ഭേദഗതികൾ ഓരോന്നും അവതരിപ്പിച്ചു, അത് വോട്ടിനിട്ടു, പക്ഷേ 10 വോട്ടുകൾ പ്രതിപക്ഷത്തെ പിന്തുണച്ചപ്പോള്‍ 16 വോട്ടുകൾ അതിനെ എതിർത്തു," എന്ന് ബിജെപി നേതാവും ജെപിസി ചെയർപേഴ്‌സണുമായ ജഗദാംബിക പാൽ യോഗത്തിന് ശേഷം പറഞ്ഞു.
ജെപിസി ചെയര്‍മാൻ പക്ഷപാതപരമായി പെരുമാറിയെന്നും ജനാധിപത്യ പ്രക്രിയകളെ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. "ഇത് ഒരു പ്രഹസനമായിരുന്നു. ഞങ്ങളുടെ വാക്കുകൾ ആരും കേട്ടില്ല. ജഗദാംബിക സ്വേച്ഛാധിപത്യപരമായ രീതിയിലാണ് പ്രവർത്തിച്ചത്," ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു.
എന്താണ് പുതിയ വഖഫ് ഭേദഗതി ബിൽ?
വഖഫ് (ഭേദഗതി) ബിൽ, 2024ല്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. ശേഷം ബില്ല് വിശദമായി പഠിക്കാൻ ഓഗസ്റ്റ് 8-ന് പാർലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് വിട്ടു. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബിൽ ലക്ഷ്യമിടുന്നു.
മുസ്‌ലിം നിയമപ്രകാരം മതപരമോ ജീവകാരുണ്യമോ ആയി കണക്കാക്കുന്ന ഉദ്ദേശ്യങ്ങൾക്കായി ജംഗമ അല്ലെങ്കിൽ സ്ഥാവര സ്വത്തുക്കളെയാണ് വഖഫ് സ്വത്തുക്കള്‍ എന്ന് പറയുന്നത്. ഒരു സ്വത്ത് വഖഫ് ചെയ്‌താല്‍ മുസ്‌ലിം വിശ്വാസ പ്രകാരം അതു ദൈവത്തിന്‍റെ ഉടമസ്ഥയിലായിട്ടാണ് കണക്കാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും വഖഫ് നിയന്ത്രിക്കാൻ ഒരു വഖഫ് ബോർഡ് ഉണ്ട്.
പുതിയ ഭേദഗതി പ്രകാരം വഖഫ് ആണോ സർക്കാർ ഭൂമിയാണോ എന്നതു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്‌ടർക്ക് ബിൽ അധികാരം നൽകുന്നു. 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനും മുസ്‌ലിം അല്ലാത്ത ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ അനുവദിക്കാനും ബിൽ നിർദേശിക്കുന്നു.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏത് തർക്കവും വഖഫ് ട്രിബ്യൂണൽ തീരുമാനിക്കുമെന്നാണ് നിയമം പറയുന്നത്. ട്രിബ്യൂണൽ രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിൽ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്നു - ഒരു ജില്ലാ, സെഷൻസ് അല്ലെങ്കിൽ സിവിൽ ജഡ്‌ജി, ക്ലാസ് I റാങ്കിൽ കുറയാത്ത, സംസ്ഥാന ജുഡീഷ്യൽ ഓഫിസർ ആയ ചെയർപേഴ്‌സൺ, സംസ്ഥാന സിവിൽ സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ, കൂടാതെ മുസ്ലിം നിയമത്തിലും നിയമശാസ്‌ത്രത്തിലും അറിവുള്ള വ്യക്തിയും ട്രിബ്യൂണലിൽ ഉൾപ്പെടുന്നു.
ഒരുവ്യക്തിയുടെ സ്വത്ത് മാത്രമേ വഖഫ് ആയി നല്‍കാൻ സാധിക്കൂ. വഖഫ് ആയി നൽകിയിട്ടുള്ള ഒരു വസ്‌തു സർക്കാർ ഭൂമിയാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്നു. എന്തങ്കിലും തര്‍ക്കം ഉണ്ടായാല്‍ വഖഫ് ബോര്‍ഡ് അല്ല, കളക്‌ടറാകും അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെ ഘടനയിൽ മാറ്റം വരുത്താനും ബിൽ നിർദേശിക്കുന്നു. ഒരു അമുസ്‌ലിം തലവനെ അനുവദിക്കണമെന്നും ബില്ലില്‍ ഉണ്ട്. കൂടാതെ സംസ്ഥാന വഖഫ് ബോർഡുകളിൽ കുറഞ്ഞത് രണ്ട് അമുസ്‌ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകുന്നു.
Read Also:ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു