ന്യൂഡല്‍ഹി: 1971-ലെ പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യ നേടിയ മഹത്തായ വിജയം അടയാളപ്പെടുത്തുന്നതിനായി ഡിസംബർ 16-ന് 'വിജയ് ദിവസ്' ആഘോഷിക്കുകയാണ് രാജ്യം. ഹ്രസ്വവും തീവ്രവുമായ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ വീര്യത്തിനും ത്യാഗത്തിനും മുന്നില്‍ പാകിസ്ഥാന്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. ഇന്ത്യയുടെ ഈ വിജയം പാകിസ്ഥാന്‍റെ അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ നിന്നും കിഴക്കൻ പാകിസ്ഥാന്‍റെ വിമോചനത്തിലും ബംഗ്ലാദേശ് എന്ന രാജ്യത്തിന്‍റെ പിറവിയിലുമാണ് കലാശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
1970-ലെ പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവവികാസങ്ങളാണ് യുദ്ധത്തിന് വഴിയൊരുക്കിയത്. കിഴക്കൻ പാക്കിസ്ഥാനില്‍ അവാമി ലീഗിന്‍റെ വിജയം അംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു.
പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താനായിരുന്നു പാക് പ്രസിഡന്‍റ് ആഘ മുഹമ്മദ് യഹ്യാ ഖാന്‍റെ ശ്രമം. കിഴക്കാന്‍ പാകിസ്ഥാനെ വലിയ അരാചകത്വത്തിലേക്കാണ് ഇതു നയിച്ചത്. കൂട്ടക്കൊലപാതകങ്ങളും ബലാത്സംഗങ്ങളുമാണ് നടന്നത്. ആയിരക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്‌തു. വലിയൊരു അഭയാർത്ഥി പ്രതിസന്ധിയിലേക്കാണ് പാകിസ്ഥാന്‍റെ ഈ നടപടി ഇന്ത്യയെ നയിച്ചത്.
പാകിസ്ഥാന്‍ അടിച്ചമര്‍ത്തലുകള്‍ തുടരുന്നതിനിടെ കിഴക്കൻ പാക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും 1971 മാർച്ച് 26-ൽ ബംഗ്ലാദേശ് എന്ന രാജ്യം പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു. പിന്നീട് പാകിസ്ഥാനെതിരെ പോരുതുന്നതിയനായി മുക്തി ബാഹിനി എന്ന ഗറില്ല സേനയും രൂപംകൊണ്ടു. ഇരുപക്ഷവും തമ്മില്‍ പോരാട്ടം രൂക്ഷമാവുന്നതിനിടെ കിഴക്കാന്‍ പാകിസ്ഥാന്‍റെ സ്വാതന്ത്രത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യ രംഗത്തെത്തി.
തല്‍ഫലമായി മുക്തി ബാഹിനി സേനയ്ക്ക് ഇന്ത്യ സായുധ സഹായങ്ങളും നല്‍കി. ഇതില്‍ പ്രകോപിതരായി പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരെ യുദ്ധത്തിനിറങ്ങി. എന്നാല്‍ ഇന്ത്യയുടെ കനത്ത തിരിച്ചടിയില്‍ പാകിസ്ഥാന് നിരുപാധികം കീഴടങ്ങേണ്ടി വന്നു. 13 ദിവസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് വിരാമമിട്ട് ഡിസംബര്‍ 16-നാണ് പാകിസ്ഥാന്‍ അടിയറവ് പറഞ്ഞത്. യുദ്ധത്തിൽ 3,900 ഇന്ത്യൻ സൈനികർ മരിക്കുകയും 9,851 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്‍റ് ജനറല്‍ ജഗ്‌ജിത് സിങ് അറോറയുടെ മുന്നിൽ 93000 പാക് സൈനികരും അവരുടെ മേജര്‍ ജനറല്‍ ആയിരുന്ന അമീര്‍ അബ്‌ദുല്ല ഖാന്‍ നിയാസിയുമാണ് തോല്‍വി സമ്മതിച്ചത്. ഇതിന്‍റെ ഭാഗമായി ധാക്കയിലെ രാംന റേസ് കോഴ്‌സില്‍ വച്ച് 'ഇന്‍സ്ട്രുമെന്‍റ് ഓഫ് സറണ്ടര്‍' പാക്കിസ്ഥാൻ ഒപ്പുവയ്‌ക്കപ്പെടുകയും ചെയ്‌തു. ബംഗാദേശിന്‍റെ പിറവിയ്‌ക്കൊപ്പം ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അഭിമാനം ഏറെ ഉയര്‍ത്തിയ യുദ്ധമായിരുന്നുവിത്.
ALSO READ: കേന്ദ്രം റോഹിങ്ക്യകളെ ഡല്‍ഹിയില്‍ അനധികൃതമായി പുനരധിവസിപ്പിക്കുന്നുവെന്ന് അതിഷി, തെറ്റായ ആരോപണമെന്ന് ഹര്‍ദീപ് പുരി - DELHI CM ATISHI SLAMS CENTRAL GOVT
ഇന്ത്യയുടെ യുദ്ധ വീരന്മാര്‍ക്ക് ആദരവര്‍പ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിപ്പിട്ടിട്ടുണ്ട്.