കാസർകോട്: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് വിനോദ സഞ്ചാര രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ ഈ വർഷം
വൻ വർധനയാണ് ഉണ്ടായത്. 2024ന്‍റെ ആദ്യ ആറ് മാസങ്ങളില്‍ തന്നെ ഒന്നര കോടിയോളം വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തിയതായാണ് ടൂറിസം വകുപ്പിന്‍റെ കണക്ക്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്.
കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി, ബയോഡൈവേഴ്‌സിറ്റി പദ്ധതികള്‍, നോര്‍ത്ത് മലബാര്‍ ടൂറിസം സര്‍ക്യൂട്ട്, പില്‍ഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അതേസമയം കേരളത്തിന്‍റെ ടൂറിസം മേഖല വളർച്ചയുടെ പാതയിലെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്‍റെ കൈവശമുള്ള ഭൂമി ലീസിന് നൽകുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഏർപ്പെടുത്താൻ കഴിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാരവൻ ടൂറിസത്തിനും ഇനി തടസം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2025ഓടെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുതിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടൽ. കാസർകോട് ജില്ലയിൽ ബിആർഡിസി നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാന വ്യാപകമായി നടപ്പിലായാൽ കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ടൂറിസം വകുപ്പിന്‍റെ കൈവശമുള്ള ഭൂമി ലീസിന് നൽകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിക്കും. ടൂറിസം രംഗത്തെ സ്വകാര്യവത്‌കരണത്തെ പ്രോത്സാഹിപ്പിക്കലാണ് നീക്കം.
NH 66 യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖല കൂടുതൽ വളരുമെന്നാണ് പ്രതീക്ഷ. കൊവിഡ് മഹാമാരികാലത്ത് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ റിവോള്‍വിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്‌മെന്‍റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സര്‍വീസ് സ്‌കീം എന്നിങ്ങനെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. അവയെല്ലാം ഫലം കണ്ടുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ 'ഹോം സ്‌റ്റേ': വലിയപറമ്പിന്‍റെ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തി സ്ത്രീകൾക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിലുള്ള ഹോംസ്‌റ്റേ പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീ 'ഹോം സ്‌റ്റേ' സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ അംഗമുള്ള കുടുംബത്തിനോ 'ഹോംസ്‌റ്റേ' സംരംഭത്തിൽ പങ്കുചേരാം. പദ്ധതിയുടെ ഭാഗമായി വലിയപറമ്പിൽ 100 ഹോം സ്‌റ്റേകളാണ് ലക്ഷ്യമിടുന്നത്. വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികളെ വലിയപറമ്പിലെ ഭംഗികാണിച്ചും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിഥിക്ക് താമസിക്കാൻ സ്വന്തമായി ഒരു മുറി, കുടിവെള്ളം, ഭക്ഷണം, ശൗചാലയം, സുരക്ഷിതത്വം എന്നിവ ഒരുക്കാൻ പര്യാപ്‌തമായവരെ സംരംഭത്തിനായി പരിഗണിക്കും. അതിഥിക്ക് തദ്ദേശീയ ഭക്ഷണം പാകം ചെയ്യാൻ പഠിപ്പിക്കുക, കായലും കടലുമുൾപ്പെടെയുള്ള വലിയപറമ്പിൻ്റെ കാഴ്‌ചകൾ കാണിക്കുന്ന വഴികാട്ടിയായും (ഗൈഡ്) വീട്ടുകാർ ഒപ്പമുണ്ടാകണം.
ഗൈഡായി വീട്ടുകാർക്ക് പോകാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ആവശ്യമുള്ള ആളുകളെ കുടുംബശ്രീയിൽ നിന്ന് കൂട്ടാം. 'ഹോം സ്‌റ്റേയിൽ' ഉൾപ്പെട്ട വീടുകൾ അറ്റകുറ്റപ്പണി നടത്താനും സൗകര്യമൊരുക്കാനും കുടുംബശ്രീ വായ്‌പ ലഭ്യമാക്കും. 4 ശതമാനം പലിശയിൽ വ്യക്തികൾക്ക് രണ്ടര ലക്ഷം രൂപയും ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുമാണ് വായ്‌പ. സഞ്ചാരികളെ ഹോം സ്‌റ്റേകളിലെത്തിക്കുന്നതിനും വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നതിനും കുടുംബശ്രീ 'യാത്രാശ്രീ' സൗകര്യവുമൊരുക്കും.
ബേക്കലിൽ 50,000 നിന്നും 5 ലക്ഷത്തിലേക്ക്: 1995ല്‍ ബിആര്‍ഡിസി രൂപീകരിക്കുന്നതിന് മുമ്പ് 50,000 സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്ന ബേക്കലില്‍ ഇന്ന് അഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ബേക്കല്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് 32 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 150 കോടിയുടെ നിക്ഷേപമാണ് ഇത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി: ആഭ്യന്തര വരുമാനത്തിന്‍റെ 10 ശതമാനത്തില്‍ അധികം വിനോദ സഞ്ചാരമേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. ഹോസ്‌പിറ്റാലിറ്റിയും വിനോദ സഞ്ചാര മേഖലയും തമ്മില്‍ വലിയ ബന്ധമാണുള്ളത്.