റായ്‌പൂര്‍: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യാനാകാത്ത അനുപാതത്തില്‍ വര്‍ധിക്കുന്നതായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍. ഇത് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പോലും അട്ടിമറിക്കുന്ന തരത്തിൽ ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. റായ്‌പൂരില്‍ 'മികച്ച ഇന്ത്യയുടെ നിര്‍മാണത്തിനുള്ള ആശയങ്ങള്‍' എന്ന വിഷയത്തില്‍ എന്‍ഐടി റായ്‌പൂര്‍, ഐഐടി ഭിലായ്, ഐഐഎം റായ്‌പൂര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംവദിക്കവെ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
'അനധികൃത കുടിയേറ്റക്കാരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് പേരാണ് രാജ്യത്തേക്ക് അനധികൃതമായി കുടിയേറുന്നത്. ഇത് തീര്‍ച്ചയായും കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കുടിയേറ്റം പ്രതിരോധിക്കാനാകാത്ത വിധം വലിയൊരു വിഷയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റം നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ സാരമായി ബാധിച്ചിരിക്കുന്നു. അവരെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. നമ്മള്‍ കേവലം രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാതെ രാജ്യതാത്‌പര്യത്തിന് മുന്‍ഗണന നല്‍കണം. ഒരു രാജ്യത്തെയും അനധികൃത കുടിയേറ്റക്കാരനെ നമുക്ക് നീതീകരിക്കാനാകില്ല.
ഇത് ലക്ഷക്കണക്കാകുമ്പോള്‍ ഇത് നമ്മുടെ സമ്പദ്ഘടനയെയും ബാധിക്കുന്നു. ഇവര്‍ നമ്മുടെ വിഭവങ്ങള്‍ പരിമിതപ്പെടുത്തുന്നു. തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാതെ നമുക്ക് ദീര്‍ഘകാലം മുന്നോട്ട് പോകാനാകില്ല. ഓരോ ദിവസം കഴിയുന്തോറും പ്രശ്‌ന പരിഹാരം സങ്കീര്‍ണമാകുകയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചേ തീരൂ എന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാത്തതില്‍ രാജ്യവും യുവാക്കളും ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. നമ്മുടെ രാജ്യത്തിന് കൂടുതല്‍ യോഗ്യതയുള്ള രാഷ്‌ട്രീയക്കാര്‍ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യാതെ അസ്വസ്ഥതയും ഭിന്നിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റ് ഇടങ്ങളിലൂടെയും പൊതുപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.