ലഖ്‌നൗ:അയോധ്യയില്‍ രാമന്‍റെ അനുഗ്രഹം കിട്ടിയത് പോലെ ബദരിനാഥില്‍ വിഷ്‌ണുവിന്‍റെയും അനുഗ്രഹം തങ്ങള്‍ക്ക് ലഭിച്ചതായി യുവ കോണ്‍ഗ്രസ് നേതാവ് നിതാന്ത് സിങ് നിതിന്‍. രാജ്യത്തെ 13 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിലും കോണ്‍ഗ്രസ് വിജയം നേടിയതിന്‍റെ ആഹ്ലാദം പങ്കുവെച്ച് സ്ഥാപിച്ച പോസ്റ്ററിലാണ് യുവ നേതാവ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പോസ്റ്റര്‍ ഉയര്‍ന്നത്.
ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖ്‌പത് സിങ് ബട്ടോളയുടെ വിജയത്തെയാണ് പോസ്റ്ററില്‍ ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടന ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. അയോധ്യയില്‍ രാമന്‍ തങ്ങളെ അനുഗ്രഹിച്ചതിന് പിന്നാലെ ബദരിനാഥില്‍ വിഷ്‌ണു ഭഗവാനും അനുഗ്രഹിച്ചിരിക്കുന്നു. ധര്‍മ്മം ജയിക്കും അധര്‍മ്മം ഉന്‍മൂലനം ചെയ്യപ്പെടുമെന്നും കോണ്‍ഗ്രസ് സ്ഥാപിച്ച പോസ്റ്ററില്‍ പറയുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പതിമൂന്ന് സീറ്റുകളില്‍ കേവലം രണ്ട് സീറ്റുകള്‍ കൊണ്ട് ബിജെപിക്ക് തൃപ്‌തിപ്പെടേണ്ടി വന്നു. ഇന്ത്യ സഖ്യത്തിന് പത്ത് സീറ്റുകള്‍ കിട്ടി. ബിഹാറില്‍ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
ഈ മാസം പത്തിനായിരുന്നു വോട്ടെടുപ്പ്. ബിഹാര്‍, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും ഹിമാചല്‍പ്രദേശിലെ മൂന്ന് സീറ്റുകളിലേക്കും പശ്ചിമബംഗാളിലെ നാല് സീറ്റുകളിലേക്കുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.