ജൗൻപൂർ (യുപി):ഉത്തര്‍പ്രദേശിലെ ജൗൻപൂര്‍ എന്ന ജില്ലയിലെ ബിജെപി നേതാവിന്‍റെ മകൻ ഓണ്‍ലൈനിലൂടെ പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു. ബിജെപി നേതാവ് തഹ്‌സീൻ ഷാഹിദിന്‍റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറിന്‍റെയും പാകിസ്ഥാനിലെ ലാഹോർ സ്വദേശിനിയായ സഹ്‌റയുടെയും വിവാഹമാണ് ഓണ്‍ലൈനിലൂടെ നടന്നത്. വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ വിസ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഹൈദര്‍ ഓണ്‍ലൈനിലൂടെ 'നിക്കാഹ്' കഴിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എന്നാല്‍ ഇന്ത്യ-പാക് ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് വരൻ ഹൈദറിന് പാകിസ്ഥാനിലേക്ക് പോകാൻ വിസ ലഭിച്ചിരുന്നില്ല. വധുവിന്‍റെ മാതാവ് റാണ യാസ്‌മിൻ സെയ്‌ദി അസുഖം ബാധിച്ച് പാകിസ്ഥാനിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ വിവാഹം ഓണ്‍ലൈനായി നടത്താൻ ഹൈദറിന്‍റെ പിതാവ് തഹ്‌സീൻ ഷാഹിദ് തീരുമാനിച്ചത്. ഇതിന് വധുവിന്‍റെ കുടുംബവും സമ്മതം അറിയിക്കുകയായിരുന്നു.