ന്യൂഡൽഹി: പിന്നാക്ക വിഭാഗക്കാരുടെ മന്ത്രിയായി മുന്നാക്ക വിഭാഗത്തിൽനിന്നുള്ളയാൾ വരണമെന്ന തന്‍റെ പ്രസ്‌താവന പിൻവലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ന്യൂഡൽഹിയിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ സുരേഷ് ഗോപി നടത്തിയ പരാമർശം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പിന്നാലെയാണ് നല്ല ഉദ്ദേശ്യത്തോടെ നടത്തിയ പ്രസ്താവനയായിരുന്നു എന്ന വിശദീകരണത്തോടെ അദ്ദേഹം പിന്മാറിയത്.
വിവേചനം അവസാനിപ്പിക്കുക എന്നതായിരുന്നു തന്‍റെ ഉദ്ദേശ്യം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ പരാമർശം വളച്ചൊടിച്ചു. ഹൃദയത്തിൽ നിന്നാണ് വാക്കുകൾ വന്നത്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് ഗോത്ര വിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
'എന്‍റെ അഭിപ്രായം നന്നായി സ്വീകരിക്കപ്പെട്ടില്ലെങ്കിൽ, അല്ലെങ്കിൽ വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ, ഞാൻ എന്‍റെ പരാമർശങ്ങൾ പിൻവലിക്കുന്നു. ഞാൻ ആരെയും നല്ലവരോ ചീത്തയോ എന്ന് മുദ്രകുത്തിയിട്ടില്ല. ഈ ചട്ടക്കൂടിൽ നിന്ന് മോചനം എന്നതായിരുന്നു എന്‍റെ ഏക ലക്ഷ്യം. ഒരു രാഷ്‌ട്രീയക്കാരൻ എന്ന നിലയിൽ, തന്‍റെ മുൻഗണന എപ്പോഴും ആദിവാസി സമൂഹത്തിന്‍റെ ക്ഷേമമാണെന്നും' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
"ആദിവാസി സമുദായത്തിൽ നിന്നുള്ള ഒരാൾക്ക് മാത്രമേ ആദിവാസി കാര്യ മന്ത്രിയാകാൻ കഴിയൂ എന്നത് നമ്മുടെ രാജ്യത്തിന്‍റെ ശാപമാണ്' എന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞത്. "ആദിവാസി സമൂഹത്തിന് പുറത്തുള്ള ഒരാളെ അവരുടെ ക്ഷേമത്തിനായി നിയമിക്കണമെന്നാണ് എന്‍റെ സ്വപ്‌നവും പ്രതീക്ഷയും. ഒരു ബ്രാഹ്മണനോ നായിഡുവോ ചുമതലയേറ്റാൽ കാര്യമായ മാറ്റമുണ്ടാകും. അതുപോലെ, മുന്നോക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി ആദിവാസി നേതാക്കൾക്ക് വകുപ്പുകൾ നൽകണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിനുള്ളിൽ അത്തരമൊരു മാറ്റം സംഭവിക്കണം," സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി കാര്യ വകുപ്പ് കൈകാര്യം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തൃശൂർ എംപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആ വകുപ്പിലെ മന്ത്രിസ്ഥാനം തനിക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചതായും പറഞ്ഞു.