ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ വ്യാവസായ മേഖലയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുമെന്ന സൂചന നല്‍കി ധനമന്ത്രി നിര്‍മലാ സീതാരാമൻ. മേക്ക് ഇൻ ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുെമന്ന് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി വ്യക്തമാക്കി. തദ്ദേശീയമായി കൂടുതല്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വികസിത ഭാരതം എന്ന ആശയവുമായി കേന്ദ്രം മുന്നോട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക പദ്ധതി
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെയും പുരോഗതിയുടെയും നട്ടെല്ലായ കണക്കാക്കുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്‌എംഇ) ഉയര്‍ത്തിക്കൊണ്ടുവരാൻ ബജറ്റില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കോടിക്കണക്കിന് ചെറുകിട ഇടത്തരം സംരംഭകര്‍ ചേര്‍ന്ന് ജിഡിപിയുടെ 30 ശതമാനം വരെയാണ് സംഭാവന ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകം ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.