ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്‌റ്റാലിൻ. മോദി തിരികെ പോകൂ എന്നാണ് ഞങ്ങൾ മുമ്പ് പറഞ്ഞിരുന്നത്. എന്നാലിപ്പോൾ 'മോദി കടക്ക് പുറത്ത്' എന്ന് ഞങ്ങൾ പറയുന്നു എന്നാണ് ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശം. ചെന്നൈ സെൻട്രലിൽ പാർട്ടി സ്ഥാനാർത്ഥി ദയാനിധി മാരന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ഉദയനിധി സ്‌റ്റാലിന്‍.
തമിഴ്‌നാടിന്‍റെ ക്ഷേമത്തിൽ സ്‌റ്റാലിൻ സർക്കാര്‍ വഹിച്ച പങ്കും ഉദയനിധി എടുത്ത് പറഞ്ഞു. 'ഈ മണ്ഡലത്തിൽ നിരവധി നല്ല പദ്ധതികൾ നടപ്പാക്കിയത് ഡിഎംകെ സർക്കാരാണ്. നിങ്ങൾ എങ്ങനെ ഈ മണ്ഡലത്തിൽ നിന്ന് ഞങ്ങളുടെ എംഎൽഎയെ വോട്ട് ചെയ്‌ത് തിരഞ്ഞെടുത്തുവോ അതുപോലെ തന്നെ ഈ സെൻട്രൽ ചെന്നൈയിൽ നിന്ന് നമ്മുടെ ദയാനിധി മാരനെയും വിജയിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.'- ഉദയനിധി പറഞ്ഞു.
പ്രധാനമന്ത്രി മോദി സഹായത്തിനാണോ തമിഴ്‌നാട്ടില്‍ വന്നതെന്നും ഉദയനിധി ചോദിച്ചു. പാൻഡെമിക് സമയത്തോ മൈചോങ് ചുഴലിക്കാറ്റ് ഇവിടെ ആഞ്ഞടിച്ചപ്പോഴോ അദ്ദേഹം നമ്മുടെ തമിഴ് നാടിന് വേണ്ടി എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ? മൈചോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോൾ അദ്ദേഹം തമിഴ്‌നാട്ടിൽ വന്നോ? നമ്മുടെ ദ്രാവിഡ ഗവൺമെന്‍റും നേതാവായ സ്‌റ്റാലിനുമാണ് ദുരിത കാലത്ത് ഓരോ വീടിനും 8,000 രൂപ നൽകിയത്.
10 വർഷം മുമ്പ് ഗ്യാസ് സിലിണ്ടർ വില ഏകദേശം 500 രൂപയായിരുന്നു. ഇപ്പോൾ അത് ഇരട്ടിയായി. നിലവില്‍ പ്രധാനമന്ത്രി മോദി അത് വളരെ കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവന്നു. ഗ്യാസ് സിലിണ്ടർ വില 500 രൂപയായി കുറയ്ക്കാമെന്നും പെട്രോൾ-ഡീസൽ വിലയിലും കുറവ് വരുത്തുമെന്നും ഞങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
നമ്മുടെ നേതാവ് സ്‌ത്രീകൾക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ടിഫിൻ ഏർപ്പെടുത്തിയത് നമ്മുടെ നേതാവ് സ്‌റ്റാലിനാണ്. തമിഴ്‌നാട്ടിലെ 31,000 സ്‌കൂളുകളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. 18 ലക്ഷം വിദ്യാർത്ഥികൾക്ക് അതിന്‍റെ പ്രയോജനം ലഭിച്ചു. ചെന്നൈയിൽ മാത്രം 61,000 വിദ്യാർത്ഥികൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചതെന്നും സ്‌റ്റാലിന്‍ പറഞ്ഞു.