ചെന്നൈ: ടങ്സ്‌റ്റൺ ഖനനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയെടുത്ത കേസ് പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. 11,608 ആളുകൾക്കെതിരെയുള്ള കേസാണ് പിൻവലിച്ചത്. മധുര മേലൂരിലെ അരിട്ടാപ്പട്ടിയിലും നായക്കർപ്പട്ടിയിലും കേന്ദ്ര സർക്കാർ ടങ്സ്‌റ്റൺ ഖനനത്തിനായി ലേല നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏകദേശം 5,000 ഏക്കർ ഭൂമി പദ്ധതിക്കായി അനുവദിക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ മെല്ലൂർ, നരസിംഹംപട്ടി പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഈ ഖനനത്തിനെതിരെ പ്രതിഷേധിച്ചു.
ഈ സാഹചര്യത്തിൽ, ടങ്സ്‌റ്റൺ ഖനന പദ്ധതിക്കുള്ള ലേലം റദ്ദാക്കാൻ ജനുവരി 23ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഇതിനെത്തുടർന്ന്, ടങ്സ്‌റ്റൺ ഖനന പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ തമിഴ്‌നാട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിച്ചതായി സർക്കാർ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ പദ്ധതി തമിഴ്‌നാട്ടിൽ നടപ്പിലാക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. പദ്ധതിയുടൻ തന്നെ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.