ഒഡിഷ :ബലാംഗീറിൽ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ട്രാക്‌ടര്‍ ഉപയോഗിച്ച് തൻ്റെ ഭൂമിയിലെ വിളകൾ നശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 20 കാരിയുടെ മുഖത്തും വായിലും മനുഷ്യ വിസര്‍ജ്യം നിറക്കുകയായയിരുന്നു.
നവംബർ 16ന് ബംഗോമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുരാബന്ധ ഗ്രാമത്തിലാണ് സംഭവം നടന്നത്. തൻ്റെ കാർഷിക വിളകള്‍ ട്രാക്‌ടര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നത് യുവതി ചോദ്യം ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് പ്രകോപിതനായ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മുഖത്തും വായിലും മനുഷ്യ വിസര്‍ജ്യം നിറക്കുകയായയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
യുവതിയുടെ പരാതിയില്‍ ബംഗോമുണ്ട പൊലീസ് കേസെടുത്തു. ഗോത്രവർഗത്തില്‍പ്പെട്ട താന്‍ ഇയാളെ ചോദ്യം ചെയ്‌തതാണ് ആക്രമണത്തിന് കാരണമെന്ന് യുവതി പറഞ്ഞു. ആദിവാസി ഗ്രാമത്തിനടുത്ത് വച്ച് ഇയാള്‍ തന്നെ ആക്രമിക്കുകയും മനുഷ്യ വിസർജ്യം ബലമായി വായില്‍ നിറക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പ്രതി ഒളിവിലാണ്, ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചതായി കാന്തബഞ്ചി എസ്‌ഡിപിഒ ഗൗരംഗ് ചരൺ സാഹു പറഞ്ഞു. ട്രാക്‌ടര്‍ ഡ്രൈവറെ പിടികൂടാൻ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി ബലാംഗീർ പൊലീസ് സൂപ്രണ്ട് ഖിലാരി ഋഷികേശ് ജ്ഞാനദേവ് പറഞ്ഞു.
അതേസമയം നവംബര്‍ 16ന് സംഭവിച്ച കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബിജെഡി എംപി നിരഞ്ജൻ ബിസി ഭുവനേശ്വറിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ഗോത്രവർഗക്കാർക്കിടയിലും പ്രതിഷേധം ശക്തമാണ്.
Also Read: ഒഡിഷയില്‍ സ്‌ത്രീയെ കൊലപ്പെടുത്തി കേരളത്തിലേക്ക് കടന്നു; കഞ്ചാവ് കേസില്‍ അകത്ത്, ജയിലില്‍ വച്ച് പ്രതിയെ പിടികൂടി ബെര്‍ഹംപൂര്‍ പൊലീസ്