മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹായുതിയുടെ വർധിച്ച വോട്ടിങ് ശതമാനവും പൊതുജന പിന്തുണയുമാണ് പാർട്ടിയെ വിജയത്തിലേക്ക് നയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ സ്‌ത്രീ വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിച്ച ലഡ്‌കി ബഹിൻ യോജനയുടെ സ്വാധീനവും, ഭരണാനുകൂല്യത്തിന്‍റെ സ്വാധീനവും ദേവേന്ദ്ര ഫഡ്‌നാവിസ് എടുത്തുപറഞ്ഞു. 'മഹാരാഷ്‌ട്രയിൽ വോട്ടിങ് ശതമാനം വർധിച്ചു. വോട്ടിങ് ശതമാനം കൂടുമ്പോൾ അത് നമുക്ക് ഗുണം ചെയ്യും എന്നതാണ് ഞങ്ങളുടെ അനുഭവം. ഒരുപക്ഷേ ഭരണപക്ഷ അനുകൂല വികാരമാകാം വോട്ടിങ് ശതമാനം വർധിക്കാൻ കാരണം' എന്നും തെരഞ്ഞെടുപ്പ് വിലയിരുത്തി സംസാരിക്കവെ ഫഡ്‌നാവിസ് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി ഗുദാധേ പാട്ടീൽ മത്സരിക്കുന്ന നാഗ്‌പൂർ സൗത്ത്-വെസ്‌റ്റ് മണ്ഡലത്തിലാണ് ഫഡ്‌നാവിസ് മത്സരിക്കുന്നത്. ഏറെ പ്രാധാന്യമുള്ള നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ മഹാരാഷ്‌ട്രയിൽ 65.08 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
288 നിയമസഭ സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), എൻസിപി (അജിത് പവാർ വിഭാഗം) ഉൾപ്പെടുന്ന മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം) ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മഹായുതി 137-157 സീറ്റുകളും എംവിഎ 126-147 സീറ്റുകളും നേടുമെന്ന് റിപ്പബ്ലിക് ടിവി-പിഎംആർക്യു എക്‌സിറ്റ് പോൾ പ്രവചിച്ചു. മാട്രിസ് മഹായുതിക്ക് 150-170 സീറ്റുകളും എംവിഎയ്ക്ക് 110-130 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം ചാണക്യ സ്ട്രാറ്റജീസ് സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടന്നതെന്ന് അറിയിച്ചു.
മഹായുതിക്ക് 152-150 ഉം എംവിഎക്ക് 130-138 സീറ്റുകളും ലഭിക്കുമെന്നാണ് അവർ പ്രവചിച്ചത്. ഇതിനു വിപരീതമായി, 175-195 സീറ്റുകളുമായി മഹായുതിക്ക് നിർണായക വിജയം ലഭിക്കുമെന്ന് പീപ്പിൾസ് പൾസ് പ്രവചിക്കുന്നു, എംവിഎയ്‌ക്ക് 85-112 സീറ്റ് മാത്രമേ ലഭിക്കു എന്നാണ് അവരുടെ പ്രവചനം.
മഹാരാഷ്ട്ര നിയമസഭയിൽ ഭരണം പിടിക്കാന്‍ 145 സീറ്റുകള്‍ വേണം. ശിവസേനയും എൻസിപിയും തമ്മിലുള്ള പിളർപ്പിനെ തുടർന്ന് ഉടലെടുത്ത തർക്കങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകൾ നേടിയപ്പോൾ ശിവസേന 56 ഉം കോൺഗ്രസ് 44 ഉം സീറ്റുകൾ നേടിയിരുന്നു.