കൊൽക്കത്ത :യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ പുരോഗതിയിൽ ഉത്കണ്‌ഠ അറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. സിബിഐ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച കുനാല്‍, അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും ആരോപിച്ചു. കേസില്‍ ഇതുവരെ ഒരു അറസ്റ്റ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കുനാല്‍ ഘോഷ് ചൂണ്ടിക്കാട്ടി.
'ബലാത്സംഗക്കൊലക്കേസ് വേഗത്തിൽ പൂര്‍ത്തിയാക്കണം. കേസില്‍ ഇതുവരെ ഒരു അറസ്റ്റ് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതും കൊൽക്കത്ത പൊലീസ് ചെയ്‌തതാണ്. സിബിഐ എന്താണ് ചെയ്യുന്നത്? അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം ചിലര്‍ രാഷ്‌ട്രീയം കളിക്കുകയാണ്'- കുനാല്‍ ഘോഷ് വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. അതിനിടെ, കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന ഇന്ന് (25-08-2026) രാവിലെ സിബിഐ ഉദ്യോഗസ്ഥർ നടത്തി.
അതേസമയം, സംസ്ഥാന സർക്കാർ കേസ് കൈകാര്യം ചെയ്‌ത രീതിയിൽ പ്രതിഷേധിച്ച്, 2019- ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബംഗ രത്‌ന പുരസ്‌കാരം നൽകി ആദരിച്ച അലിപുർദുവാറിൽ നിന്നുള്ള അധ്യാപിക പരിമൾ ഡേ തന്‍റെ അവാർഡ് തിരികെ നൽകാൻ തീരുമാനിച്ചു. ഇരയ്ക്ക് നീതി ലഭിക്കണമെന്നും കൊൽക്കത്ത ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മോഷൻ പിക്‌ചർ ആർട്ടിസ്റ്റ് ഫോറം ടോളിഗഞ്ചിൽ പ്രതിഷേധ പ്രകടനം നടത്തി. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സുരക്ഷ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) കൈമാറാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഓഗസ്റ്റ് 9 ന് ആണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളില്‍ ട്രെയിനി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read :കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊല: ആർജി കറിൻ്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറി