ആന്ധ്രപ്രദേശ്:ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമാണ് തിരുപ്പതി. തിരുപ്പതി വെങ്കിടേശ്വരന്‍റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. തിരുപ്പതി ക്ഷേത്രം എത്രത്തോളം പ്രശസ്‌തമാണോ അത്ര തന്നെ പ്രശസ്‌തിയാർജിച്ച ഒന്നാണ് തിരുപ്പതി ലഡു. ക്ഷേത്രത്തിലെത്തുന്നവർ ഈ ലഡു വാങ്ങാതെ മടങ്ങില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഇപ്പോൾ അനധികൃതമായി തിരുപ്പതി ലഡുവിന്‍റെ വിൽപ്പന നടക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിൽ ലഡുവിന്‍റെ അനധികൃത വിൽപന തടയാനും ലഡു പ്രസാദത്തിന്‍റെ കരിഞ്ചന്ത ഇടനിലക്കാരെ നിയന്ത്രിക്കാനും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നടപടി തുടങ്ങി.
അനധികൃത ലഡു വിൽപനയ്‌ക്കെതിരെ പ്രത്യേക നടപടികൾ:ദർശന ടിക്കറ്റും ആധാർ കാർഡും ഉള്ളവർക്ക് മാത്രമേ ഇനി ലഡു പ്രസാദം നൽകൂ എന്ന നയം നടപ്പാക്കി ടിടിഡി. ലഡു വിൽപനയിലെ ഇടനിലക്കാരെ തടയുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഭക്തരെന്ന് പറഞ്ഞ് എത്തുന്നവർ ലഡു പ്രസാദം വാങ്ങി കരിച്ചന്തയിൽ കൂടുതൽ വിലയ്‌ക്ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി.
50 രൂപയ്‌ക്ക് രണ്ട് ലഡുവാണ് ഭക്തർക്ക് വാങ്ങാൻ കഴിയുക. അതേസമയം ടോക്കൺ ഉടമകൾക്ക് തിരക്ക് അനുസരിച്ച് 4 മുതൽ 6 വരെ അധിക ലഡു വാങ്ങാൻ കഴിയും. തിരുമലയിൽ തിരക്കേറിയ സമയങ്ങളിൽ ശ്രീവരി ദർശനം നടത്താൻ സാധിക്കാതെ വരുന്ന ഭക്തർക്കും 50 രൂപ നൽകിയാൽ കൗണ്ടറിൽ ആധാർ കാർഡ് കാണിച്ച് രണ്ട് ലഡു വാങ്ങാനാകും.