ന്യൂഡല്‍ഹി : വിദ്വേഷക്കൊടുങ്കാറ്റില്‍ സത്യത്തിന്‍റെയും ഒരുമയുടെയും ജ്വാല കെടാതെ കാക്കുമെന്ന ഉറപ്പാണ് രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്‌ട്രപിതാവിന് നല്‍കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്ന് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നവരെ ഇന്ത്യ എന്ന ആശയത്തെ നിര്‍വചിക്കാന്‍ അനുവദിച്ച് കൂടായെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി (Cong on Martyrs' Day).
രക്തസാക്ഷിത്വദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധിജിയുടെ ഒരു ഉദ്ധരണിയാണ് ട്വിറ്ററില്‍ കുറിച്ചത്. "ഭയം ശത്രുവാകുന്നു, നാം അത് വിദ്വേഷമെന്ന് കരുതുന്നു, എന്നാല്‍ അത് ഭയമാണ്". രക്തസാക്ഷിത്വ ദിനത്തില്‍ നമ്മുടെ രാഷ്‌ട്രത്തിന്‍റെ ദിശാസൂചികയായ പ്രിയ ബാപ്പുവിന് ആദരമര്‍പ്പിക്കുന്നു. സംഭവ്, സര്‍വോദയ തുടങ്ങിയ ആശയങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് നാം ഈ ദിനത്തില്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഇന്ത്യയെ നമുക്ക് സംരക്ഷിക്കാം. നമ്മുടെ ജനതയ്ക്ക് നീതിയും സമത്വവും സാഹോദര്യവും ഉറപ്പാക്കാം - ഖാര്‍ഗെ കുറിച്ചു.
ഗാന്ധിജി ഈ നാട്ടില്‍ നിന്നകറ്റിയ വിദ്വേഷവും ഹിംസയും അകറ്റിനിര്‍ത്താന്‍ ഈ ദിനം നമുക്കും പ്രതിജ്ഞ ചെയ്യാമെന്നാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹം നാട്ടില്‍ നിന്നകറ്റിയ അതേ തത്വങ്ങളുപയോഗിച്ച് അദ്ദേഹത്തിന്‍റെ തത്വങ്ങളും ആശയങ്ങളും നമ്മില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിദ്വേഷ കൊടുങ്കാറ്റില്‍, അദ്ദേഹം പകര്‍ന്ന സത്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആശയങ്ങള്‍ കെടാതെ സൂക്ഷിക്കല്‍ തന്നെയാണ് ഗാന്ധിജിക്ക് ഈ ദിനത്തില്‍ നമുക്ക് നല്‍കാനാകുന്ന ഏറ്റവും വലിയ ഉദകക്രിയയെന്നും രാഹുല്‍ കുറിച്ചു.