മുംബൈ: കൊല്‍ക്കത്തയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലും ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്‌ട്രയിലെ താനെയിലെ ഒരു സ്‌കൂളില്‍ വച്ച് മൂന്നും നാലും വയസ് പ്രായമുള്ള രണ്ട് നഴ്‌സറി വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയായ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ഉടലെടുത്തത്. സ്‌കൂള്‍ അറ്റൻഡറാണ് പെണ്‍കുട്ടികളെ ശുചിമുറിയില്‍ വച്ച് ഉപദ്രവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ച പ്രതിഷേധക്കാർ ട്രെയിനുകള്‍ തടഞ്ഞു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മേഖലയിൽ കടകളും മറ്റ് സ്ഥാപനങ്ങളും ഇന്ന് (ഓഗസ്റ്റ് 20) അടച്ചിട്ടു.
റെയിൽ ഉപരോധം ലോക്കൽ ട്രെയിനുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ജില്ലയിലെയും സമീപ ജില്ലകളിലെയും ആളുകളെ ബാധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതിഷേധക്കാരോട് ശാന്തത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. താനെ പൊലീസ് കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഷിൻഡെ വ്യക്തമാക്കി. കേസിന്‍റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.