ജമ്മു:ഭീകരാക്രമണത്തില്‍ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒമ്പത് തീർഥാടകർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലാണ് സംഭവം.
തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്‌ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം.
പെലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു മണിക്കൂർ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.
'തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണം അങ്ങേയറ്റം ദുഃഖകരമാണെന്നും ജമ്മു കശ്‌മീരിലെ ആശങ്കാജനകമായ സുരക്ഷാ സാഹചര്യത്തിൻ്റെ യഥാർത്ഥ ചിത്രമാണ് ഈ നാണംകെട്ട സംഭവമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു'.
'പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ എൻഡിഎ സർക്കാരും സത്യപ്രതിജ്ഞ ചെയ്‌ത് നിരവധി രാജ്യങ്ങളുടെ തലവൻമാർ രാജ്യത്തായിരിക്കുമ്പോള്‍ ഭീകരാക്രമണത്തിൽ ഇന്ത്യക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാരും അധികൃതരും ഇരകൾക്ക് അടിയന്തര സഹായവും നഷ്‌ടപരിഹാരം നൽകണമെന്ന് മല്ലികാർജുൻ ഖാർഗെ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
മൂന്നാഴ്‌ച മുമ്പ്, പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തു, ജമ്മു കശ്‌മീരിൽ നിരവധി ഭീകര സംഭവങ്ങൾ തുടരുകയാണ്. മോദി സർക്കാർ സമാധാനവും സാധാരണ നിലയും കൊണ്ടുവരുമെന്ന നെഞ്ചിടിപ്പോടെയുള്ള പ്രചാരണങ്ങളെല്ലാം പൊള്ളയാണെന്നും ഖാർഗെ കുറിച്ചു'.
ALSO READ:ജമ്മുകശ്‌മീരിൽ 70ലധികം ഭീകരരുടെ സാന്നിധ്യം: ഡിജിപിയുടെ കണക്കുകൾ ശരിവച്ച് ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായി