ജമ്മു :ഈ മാസം എട്ടിന് കത്വയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ ആയുധധാരികളായ മൂന്ന് പേരെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രദേശം അതീവ ജാഗ്രതയിലാണ്. എസ്ഒജി, പൊലീസ്, സൈന്യം തുടങ്ങിയവര്‍ സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.
അഞ്ച് സൈനികരുടെ കൊലപാതകത്തിന് കാരണമായ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്താനുള്ള തെരച്ചില്‍ അഞ്ചാം ദിനത്തിലേക്ക് കടന്നു. മച്ചേദി വന മേഖലയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കത്വ, ഉധംപൂര്‍, ദോഡ മേഖലയിലെ കുന്നുകളിലും വന്‍കാടുകളിലും നിരവധി സൈനികരെ വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക സ്ഫോടക വസ്‌തു ഭീഷണി ഉള്ളതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയോടെയാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്.
ജൂലൈ എട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അറുപതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഇതില്‍ മൂന്ന് പേര്‍ ഭീകരര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കിയവരാണെന്നാണ് കരുതുന്നത്. ജൂണ്‍ മാസം മുതല്‍ പ്രദേശത്ത് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.
ഡ്രോണുകളും നായകളുമടക്കം തെരച്ചിലിനായി രംഗത്തുണ്ട്. ദേശീയ പാതകളിലടക്കം അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടന പാതയിലും സുരക്ഷ കര്‍ശനമാക്കി.