പൽനാട് (ആന്ധ്രപ്രദേശ്) :ആന്ധ്രപ്രദേശിലെ നരസരോപേട്ട് ടൗണിൽ തെലുങ്കുദേശം പാർട്ടി പ്രവർത്തകരും (ടിഡിപി) യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച (12-03-2024) വൈകുന്നേരം ടിഡിപി സ്ഥാനാർഥി ചടലവാട അരവിന്ദ ബാബുവും പാർട്ടി അംഗങ്ങളും വാർഡുകളിൽ സന്ദർശനം നടത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടിഡിപി, വൈഎസ്ആർസിപി പ്രവർത്തകർ പരസ്‌പരം കല്ലും കുപ്പികളും എടുത്ത് എറിയുകയായിരുന്നു.
പരിക്കേറ്റ അംഗങ്ങളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നരസരോപേട്ട് എംഎൽഎ സ്ഥാനാർഥി ചടലവാട അരവിന്ദ ബാബുവിനും സംഘർഷത്തില്‍ പരിക്കേറ്റു. സംഭവത്തിൽ ഉടൻ കേസ് രജിസ്‌റ്റർ ചെയ്യുമെന്നും അന്വേഷണം നടത്തുെമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി), ഭാരതീയ ജനത പാർട്ടി (ബിജെപി), ജനസേന പാർട്ടി (ജെഎസ്‌പി) എന്നിവർ തിങ്കളാഴ്‌ച (11-03-2024) സീറ്റ് പങ്കിടൽ കരാർ ഒപ്പിട്ടിരുന്നു. ടിഡിപി തലവനും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു തങ്ങളുടെ പാർട്ടി സഖ്യകക്ഷികൾക്കിടയിൽ സീറ്റ് പങ്കിടല്‍ കരാര്‍ പ്രഖ്യാപിച്ചു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി ആറ് സീറ്റുകളിലും ടിഡിപി 17 സീറ്റുകളിലും ജെഎസ്‌പി രണ്ട് സീറ്റുകളിലും മത്സരിക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 10 സീറ്റുകളിലും ടിഡിപി 144 സീറ്റുകളിലും ജെഎസ്‌പി 21 സീറ്റുകളിലും മത്സരിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്.