നാഗര്‍കുര്‍ണൂല്‍:തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ഭാഗികമായി തകര്‍ന്ന് വീണ എസ്‌എല്‍ബിസി തുരങ്കത്തിന്‍റെ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തിന് തുരങ്കത്തിന്‍റെ അങ്ങേയറ്റത്ത് എത്താനായി. എന്നാല്‍ കുടുങ്ങിയ എട്ട് പേരെ കുറിച്ച് യാതൊരു വിവരവും ഇവര്‍ക്ക് കിട്ടിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുരങ്കത്തിന്‍റെ അവസാന അന്‍പത് മീറ്ററിലേക്ക് ഇവരെത്തി. ചെളിയും അവശിഷ്‌ടങ്ങളും നിറഞ്ഞ ഇടത്തേക്ക് ഏറെ ബുദ്ധിമുട്ടിയാണ് ദൗത്യ സംഘമെത്തിയത്.
ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയിലും റാറ്റ് മൈനേഴ്സിലും നിന്നുള്ള 20 പേരടങ്ങുന്ന സംഘമാണ് തുരങ്കത്തില്‍ അപകടമുണ്ടായ സ്ഥലത്തേക്ക് എത്തിയത്. ഇവിടെ മുഴുവന്‍ അവശിഷ്‌ടങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് നാഗര്‍കുര്‍ണൂല്‍ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്‌ക്‌വാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം അവര്‍ക്ക് നാല്‍പ്പത് മീറ്റര്‍ അടുത്തേക്ക് എത്താനായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.
സാമ്പിളുകള്‍ ശേഖരിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിന്‍റെ കരുത്തും മറ്റും സംബന്ധിച്ച റിപ്പോര്‍ട്ടിനാണ് കാക്കുന്നത്. കരനാവിക സേനകളും ദുരന്തനിവാരണ സംഘങ്ങളും ജിഎസ്‌ഐയും മറ്റ് സംഘങ്ങളും അക്ഷീണം പരിശ്രമിക്കുന്നുണ്ടെങ്കിലും ദൗത്യത്തില്‍ ആശാവഹമായ പുരോഗതിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വെള്ളവും ചെളിയും നിരന്തരം ഒഴുകി വരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കുന്നു. ഇത് രക്ഷാപ്രവര്‍ത്തകരെയും അപകടത്തിലാക്കുമെന്ന ആശങ്കയുണ്ട്.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ തുരങ്ക രക്ഷാപ്രവര്‍ത്തനമാണിതെന്ന് വിദഗ്ദ്ധര്‍ പറയഞ്ഞതായി കഴിഞ്ഞ ദിവസം ജലസേചന മന്ത്രി ഉത്തംകുമാര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുരങ്കത്തിലേക്ക് കടക്കാനും പുറത്തേക്ക് വരാനും ഒരൊറ്റ പ്രവേശന കവാടം മാത്രമേ ഉള്ളൂ. തുരങ്കത്തില്‍ അകപ്പെട്ടവരെ കു റിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെങ്കിലും അപകടമുണ്ടായ ഇടത്തേക്ക് നിരന്തരം ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീ ശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്‍റെ നിര്‍മ്മാണത്തിലിരുന്ന ഒരു ഭാഗം തകര്‍ന്ന് വീണ് അപകടമുണ്ടായത് ഈ മാസം 22നാണ്. എട്ട് തൊഴിലാളികളാണ് ഇതിനുള്ളില്‍ കുടുങ്ങിയിട്ടുള്ളത്. ഇവരെ ജീവനോടെ പുറത്ത് എത്തിക്കാമെന്ന പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. രണ്ട് എന്‍ജീനിയര്‍മാര്‍, രണ്ട് മെഷീന്‍ ഓപ്പറേറ്റമാര്‍ തുടങ്ങിയവരടക്കമുള്ള എട്ട് പേരുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് യാതൊരു ധാരണയുമില്ല.
കരനാവിക സേനകളില്‍ നിന്നും നിന്നുള്ള 583 വിദഗ്ദ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഏഴ് തവണ സംഘം തുരങ്കത്തില്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ലോഹങ്ങള്‍ മുറിച്ച് നീക്കാന്‍ ശ്രമം തുടരുകയാണ്.
കുടുങ്ങിയിരിക്കുന്നവരെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അസ്‌തമിച്ചെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം തെലങ്കാന മന്ത്രി ജുപാല്ലി കൃഷ്‌ണ റാവു പ്രതികരിച്ചത്.
Also Read:തെലങ്കാന തുരങ്കം; നാലാം ദിവസവും രക്ഷാപ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയില്ല, ജിഎസ്‌ഐ, എന്‍ജിആര്‍ഐ വിദഗ്ദ്ധരും റാറ്റ് മൈനേഴ്‌സും രംഗത്ത്