ഹൈദരാബാദ്: ബിസിനസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കർണാടക അതിർത്തിയിൽ ഉപേക്ഷിച്ച ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
എട്ട് കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്‌ടോബർ എട്ടിന് കർണാടകയിലെ കുടക് ജില്ലയിലെ സുണ്ടിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കത്തിക്കരിഞ്ഞ അജ്ജാത മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ, തെലങ്കാനയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രമേഷിന്‍റെ മൃതദേഹമാണ് അതെന്ന് തിരിച്ചറിഞ്ഞു. രമേഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്‌ത ഒരു ചുവന്ന മെഴ്‌സിഡസ് കാറും പൊലീസ് കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കർണാടകയിലും തെലങ്കാനയിലും പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ രമേഷിന്‍റെ ഭാര്യ ഭുവൻഗിരി സ്വദേശി നിഹാരികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ചോദ്യം ചെയ്യലിൽ നിഹാരിക കൊലപാതക കുറ്റം സമ്മതിച്ചു. അവളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.