പട്‌ന: ബിഹാറില്‍ പുനരാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് ആർജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിഹാറിലെ സസാറാമിലാണ് ഇന്ന് (16-02-2024) രാഹുല്‍ഗാന്ധിയോടൊപ്പം തേജസ്വി യാദവ് പങ്കെടുത്തത്. ന്യായ് യാത്ര ഇന്ന് ബിഹാറില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കടക്കും.
ബിഹാറിലെ കൈമൂറില്‍ നടക്കുന്ന പൊതുയോഗത്തിലും തേജസ്വി യാദവ് പങ്കെടുക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാർ ഇന്‍ഡ്യ സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുന്നത്.
"ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ 34-ാം ദിവസമാണ്. രോഹ്താസില്‍ വെച്ച് രാഹുല്‍ ഗാന്ധി കര്‍ഷക നേതാക്കളോട് സംസാരിക്കും. ഉച്ചയ്ക്ക് 2.30 ഓടെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ചേര്‍ന്ന് കൈമൂറിലെ യോഗത്തെ അഭിസംബോധന ചെയ്യും. 5 മണിയോടെ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും." മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ജയറാം രമേഷ് പറഞ്ഞു.