ശിവസാഗർ (അസം) : വിദ്യാർഥി ക്ലാസ് മുറിയിൽ വച്ച് അധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാഗർ നഗരത്തിലെ ബിജി റോഡ് ലഖിമിനഗറിൽ സ്ഥിതി ചെയ്യുന്ന സായ് വികാസ് അക്കാദമിയിലാണ് സംഭവം. സയൻസ് അധ്യാപകനും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അഡ്‌മിനിസ്‌ട്രേറ്റീവ് മേധാവിയുമായ രാജേഷ് ബാബു ബിജ്‌വാരയാണ് കൊല്ലപ്പെട്ടത്.
മരിച്ച രാജേഷ് ബാബു ശിവസാഗർ ടൗണിലെ ഫുക്കൻ നഗറിൽ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇയാൾ രണ്ട് കുട്ടികളുടെ പിതാവായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് ബാബുവിനെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധ്യാപകനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദിബ്രുഗഢിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയും ശിവസാഗർ ജില്ലയിലെ ബേത്ബാരിയിലെ സിയു കാ ഫാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്‍റെ പേരിലാണ് രാജേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തിയതെന്നാണ് മറ്റ് വിദ്യാർഥികൾ പറയുന്നത്.