ജാര്‍ഖണ്ഡ്: ലത്തേഹാറിലെ കുമാന്ദിഹ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിടിച്ച് മൂന്ന് റെയിൽവേ യാത്രക്കാർ മരിച്ചു. അഞ്ച് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ ട്രെയിൻ അപകടത്തിൽ നിരവധി യാത്രക്കാരുടെ ജീവന് രക്ഷകനായത് ഒരു ചായ വിൽപനക്കാരനാണ്.
റാഞ്ചിയിൽ നിന്ന് സസാറാമിലേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി എക്‌സ്പ്രസ് ലത്തേഹാറിലെ കുമാന്ദിഹ് സ്റ്റേഷനിലെ ട്രാക്കിൽ നിര്‍ത്തിയിട്ടിരിക്കവെ ട്രെയിൻ ബോഗിക്ക് തീപിടിച്ചതായി ചിലർ പ്രചരിപ്പിച്ചു. കിംവദന്തി കേട്ട് ചിലർ ട്രെയിനിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത ട്രാക്കിലേക്ക് പോയി.
തുടർന്ന് തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയ ഗുഡ്‌സ് ട്രെയിൻ യാത്രക്കാരെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് യാത്രക്കാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ആളുകള്‍ പുറത്തേക്കിറങ്ങുന്നത് കണ്ടാണ് ട്രെയിനിൽ ചായ വിൽക്കുന്ന ആളും യാത്രക്കാർക്കൊപ്പം ട്രെയിനിൽ നിന്ന് ഇറങ്ങിയത്. ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ വരുന്നത് കണ്ട ഇയാൾ പലരെയും ശകാരിക്കുകയും ട്രാക്കിൽ നിന്ന് വലിച്ച് മാറ്റുകയും ചെയ്‌തു. ചായ വിൽപനക്കാർ നിരവധി പേരെ ട്രാക്കിൽ നിന്ന് വലിച്ച് മാറ്റിയതായി ഒരു വനിത റെയിൽവേ യാത്രക്കാരി പറഞ്ഞു.
ALSO READ:പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ് സമരം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള സർക്കാർ, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് വി ശിവന്‍കുട്ടി