ശ്രീനഗര്‍: ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടം. അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടാങ്കില്‍ നദി കടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് (ജൂണ്‍ 29) പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം.
അഞ്ച് സൈനികരുമായി ടി 72 ടാങ്കാണ് വെള്ളത്തില്‍ മുങ്ങിയത്. ഒരു ജെസിഒയും നാല് ജവാന്മാരുമാണ് ടാങ്കിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് നദിയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നതായി സൈന്യം അറിയിച്ചു.
'ടാങ്കിൽ നദി കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നമ്മുടെ ധീരരായ അഞ്ച് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. നമ്മുടെ ധീരരായ സൈനികർ രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിൻ്റെ ഈ വേളയിൽ രാജ്യം അവർക്കൊപ്പം ഉണ്ടാകും' - കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എക്‌സിൽ കുറിച്ചു.