കേരളം

kerala

ETV Bharat / bharat

രാജ്യത്തെ വര്‍ദ്ധിച്ച് വരുന്ന പൊതുക്കടബാധ്യത കുറയ്ക്കാന്‍ എന്ത് ചെയ്യാനാകും?; മാര്‍ഗമിതാണ് - Tackling Growing debt burden

സൗജന്യങ്ങളും സാമൂഹ്യ ക്ഷേമവും വാഗ്ദാനം ചെയ്‌ത് ഈ തെരഞ്ഞെടുപ്പ് കാലത്തും രാഷ്‌ട്രീയകക്ഷികള്‍ അരങ്ങ് തകര്‍ക്കുകയാണ്. എന്നാല്‍ ഇതിനെല്ലാം വേണ്ടി വരുന്ന പണം എവിടെ നിന്ന് കണ്ടെത്തുമെന്നതിന് കൃത്യമായ ഉത്തരങ്ങള്‍ ഇവര്‍ക്കില്ല. ഉത്തരവാദിത്തത്തോടെ വിഭവങ്ങള്‍ വിനിയോഗിച്ച് രാജ്യത്തെ വന്‍ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഉത്തരാഖണ്ഡിലെ ശ്രീനഗര്‍ ഗര്‍വാള്‍ എച്ച്എന്‍ബി കേന്ദ്ര സര്‍വകലാശാലയിലെ ബിസിനസ് മാനേജ്മെന്‍റ് വകുപ്പ് മേധാവി പ്രൊഫ.മഹേന്ദ്രബാബു കുറുവ

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Apr 19, 2024, 7:33 PM IST

രാജ്യം പൊതുതെരഞ്ഞെടുപ്പിന്‍റെയും ചില സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും ആവേശത്തിലാണ്. രാഷ്‌ട്രീയ കക്ഷികള്‍ നിരവധി വാഗ്‌ദാനങ്ങളുമായി അവരുടെ പ്രകടന പത്രികകളും പുറത്തിറക്കിയിരിക്കുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നിരവധി സൗജന്യങ്ങളും സാമൂഹ്യ ക്ഷേമത്തിനായി വന്‍തുകകള്‍ നീക്കി വയ്ക്കുമെന്ന പ്രഖ്യാപനങ്ങളുമുണ്ട്.

ഈ വാഗ്‌ദാനങ്ങളെല്ലാം പാലിക്കാനുള്ള തുക കണ്ടെത്തേണ്ടത് രാജ്യത്തെ ഖജനാവില്‍ നിന്നാണ്. ഇത് അതാത് സര്‍ക്കാരുകളുടെ സാമ്പത്തിക സാഹചര്യത്തില്‍ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കും. പലപ്പോഴും സര്‍ക്കാര്‍ കടമെടുത്താണ് ഇത്തരം വാഗ്‌ദാനങ്ങള്‍ പാലിക്കുന്നത്. ഇത് സര്‍ക്കാരിനും നികുതി ദായകര്‍ക്കും വലിയ ഭാരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പൊതുക്കടത്തെക്കുറിച്ച് പരിശോധിക്കുന്നത് ഏറെ അനുയോജ്യമായിരിക്കും. ഇത് എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നും പരിശോധിക്കാം.

അടുത്തിടെയാണ് ധനകാര്യമന്ത്രാലയം പൊതുക്കടത്തെക്കുറിച്ചുള്ള പാദവാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2023 ഡിസംബറോടെ രാജ്യത്തെ പൊതുക്കടം 160.69 ലക്ഷം കോടിരൂപയിലെത്തിയെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട രേഖകള്‍ പറയുന്നത്. 2023 സെപ്റ്റംബറില്‍ ഇത് 157.84 ലക്ഷം കോടി ആയിരുന്നു. പൊതുക്കടത്തിന്‍റെയും 2023 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഈ പണം എന്തിനൊക്കെ വിനിയോഗിച്ചു എന്നതിനെ സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ടും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. രാജ്യത്തെ പൊതുക്കടം മൊത്ത ബാധ്യതയുടെ 90 ശതമാനത്തിലെത്തിയിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ ഏറ്റവും ആശങ്കയുണ്ടാക്കുന്ന വസ്‌തുത.

വിദേശ-ആഭ്യന്തര വായ്‌പകളെയാണ് പൊതുക്കടം എന്ന് വിവക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വായ്പകള്‍ ഇതില്‍ പെടും. ഇതിന് പുറമെ പലിശ നല്‍കേണ്ട മറ്റ് വായ്‌പകളും പൊതുക്കടമെന്ന സംജ്ഞയുടെ പരിധിയില്‍ വരുന്നു.

പ്രൊവിഡന്‍റ് ഫണ്ട്, ചെറുകിട നിക്ഷേപ പദ്ധതികള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും എണ്ണ വിപണ കമ്പനികള്‍ക്കും നല്‍കുന്ന സ്പെഷ്യല്‍ സെക്യൂരിറ്റികളും ഇതിലുള്‍പ്പെടുന്നു. എന്നിരുന്നാലും സര്‍ക്കാരിന് എടുക്കാനാകുന്ന വായ്‌പകള്‍ക്ക് പരിധിയുണ്ട്. 2003ലെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഫിസ്‌കല്‍ റെസ്പോണ്‍സബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്‍റ് ആക്‌ട് (എഫ്ആര്‍ബിഎം) പ്രകാരമാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുക്കടം 2024-25ഓടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്‍റെ അറുപത് ശതമാനമാക്കി കുറച്ച് കൊണ്ടുവരണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സമയ പരിധിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം ബാധ്യതകള്‍ 40 ശതമാനത്തിലുള്ളിലാകണമെന്നും വ്യവസ്ഥയുണ്ട്.

എന്നാല്‍ ഈ നിര്‍ദ്ദിഷ്‌ട ലക്ഷ്യങ്ങള്‍ ഇനിയും സാക്ഷാത്ക്കരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ലോകത്തെ ആകെ പിടിച്ചുലച്ച ആരോഗ്യ അടിയന്തരാവസ്ഥ ആയിരുന്നു. 2020ല്‍ കൊവിഡ് മഹാമാരി സമ്പദ്ഘടനയെ തകിടം മറിച്ചു. കൊവിഡ് മഹാമാരി മൂലം വിതരണ ശൃംഖലയിലുണ്ടായ താളപ്പിഴകള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചു. നികുതി വരുമാനം ചുരുങ്ങി. മഹാമാരിക്കാലത്ത് പദ്ധതികള്‍ക്ക് ചെലവഴിക്കാനും ജനങ്ങളുടെ വരുമാനവവും ഉപഭോഗവും വര്‍ദ്ധിപ്പിക്കാനുമായി സര്‍ക്കാരിന് കടം വാങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നു.

2018-19ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 48.1% ആയിരുന്ന പൊതുക്കടം 2019-20ല്‍ 50.7ശതമാനത്തിലേക്കും 2020-21ല്‍ 60.8 ശതമാനത്തിലേക്കും ഉയര്‍ന്നു. എങ്കിലും 2022-23ല്‍ ഇതില്‍ നേരിയ കുറവുണ്ടായി. 55.9ശതമാനമായാണ് ചുരുങ്ങിയത്. എന്നാല്‍ 2023-24ല്‍ ഇത് വീണ്ടും ഉയര്‍ന്ന് 56.9ശതമാനത്തിലെത്തി. 2024-25ലെത്തുമ്പോഴേക്കുമിത് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 56 ശതമാനമാനമാകുമെന്നാണ് ബജറ്റില്‍ വിലയിരുത്തിയിട്ടുള്ളത്. ഏത് മാനദണ്ഡമുപയോഗിച്ചാലും ഇത് വളരെ ഉയര്‍ന്ന തോതിലാണ്. ഇതിനെ നിയന്ത്രിച്ചേ തീരൂ.

കടക്കെടുതിയെ നേരിടാന്‍

വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടന എന്ന നിലയില്‍ ഇന്ത്യയ്ക്ക് നമ്മുടെ വളര്‍ച്ചാ ആവശ്യങ്ങള്‍ക്കായി മൂലധനം ആവശ്യമാണ്. ഇതിനൊപ്പം തന്നെ പൊതുക്കടം കുറച്ച് കൊണ്ടു വരാനുള്ള ഒരു ധനനയം കൂടി നമുക്ക് വേണം. രാജ്യത്തെ പൊതുക്കടം നിയന്ത്രിക്കാന്‍ ആവിഷ്ക്കരിക്കുന്ന എന്ത് നയമായാലും അത് തീര്‍ച്ചയായും രണ്ട് സുപ്രധാന ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഇതിലാദ്യത്തേത് സ്വകാര്യ കടവും രണ്ടാമത്തേത് പൊതുക്കടവുമാണ്. ഈ അവസരത്തില്‍ സാമ്പത്തിക സേവന സ്ഥാപനമായ മോത്തിലാല്‍ ഒസ്‌വാള്‍ ഈ മാസം ഒന്‍പതിന് പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ട് കൂടി ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

അതായത് രാജ്യത്തെ ആഭ്യന്തര കടം എക്കാലത്തെയും ഏറ്റവും ഉയരത്തിലെത്തിയിരിക്കുന്നു എന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്. 2023 ഡിസംബറില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ നാല്‍പ്പത് ശതമാനത്തിലെത്തി നില്‍ക്കുന്നു ഇത്. ഇക്കാര്യം നയരൂപീകരണക്കാര്‍ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്. സ്വകാര്യ കടം നിയന്ത്രിക്കുന്നതിന് രാജ്യത്തെ ആഭ്യന്തര-സാമ്പത്തികേതര കോര്‍പ്പറേറ്റ് കടനിലവാരവും നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.

അതായത് പൊതുക്കടം നിയന്ത്രിക്കുന്നതിന് കൃത്യമായ നടപടികള്‍ കൈക്കൊള്ളണം. ചെലവും സുസ്ഥിര കടവും തമ്മിലുള്ള സന്തുലനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണം. അങ്ങനെ ആയാല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് ആനുപാതികമായി നമ്മുടെ പൊതുക്കടം കുറച്ച് കൊണ്ടുവരാനാകും. ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന് ഇത്തരത്തില്‍ ഒരു സാമ്പത്തിക രൂപരേഖ തയാറാക്കുമ്പോള്‍ രണ്ട് സമീപനങ്ങള്‍ കൈക്കൊള്ളാം.

കടം വാങ്ങുന്നത് കുറയ്ക്കാന്‍ നമ്മുടെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ ഉത്പാദനക്ഷമമല്ലാത്ത ചെലവുകള്‍ക്ക് തടയിടാം. കാര്യക്ഷമമായി നികുതിപിരിച്ച് കൊണ്ട് നികുതി വരുമാനം വര്‍ദ്ധിപ്പിക്കാം. ചരക്ക് സേവന നികുതിയിലും ആദായ നികുതിയിലുമുണ്ടാകുന്ന നികുതി വെട്ടിപ്പ് തടയാന്‍ ആധുനിക സാങ്കേതികതകള്‍ ഉപയോഗിക്കാം. ആദ്യസമീപനത്തിനായി സര്‍ക്കാര്‍ വിഭവങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാകണം. അധികമായി കടം വാങ്ങാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

രണ്ടാമത്തെ സമീപനത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനും കടവും തമ്മിലുള്ള അനുപാതത്തിന് ഊന്നല്‍ നല്‍കണം. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കടം കണക്കാക്കുന്നത്. സര്‍ക്കാരിന്‍റെ കടം കുറയ്ക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു മാര്‍ഗമുണ്ട്.

അതാണ് മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ദ്ധന ഉണ്ടാകുന്നതോടെ കടവുമായുള്ള അനുപാതത്തില്‍ നല്ലൊരു മാറ്റമുണ്ടാകുന്നു. സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയും ഇതിലൂടെ മെച്ചപ്പെടുന്നു. ഏത് സ്വീകരിച്ചാലും സംസ്ഥാനങ്ങള്‍ക്ക് ഇവയില്‍ നിര്‍ണായകപങ്കുണ്ട്. സംസ്ഥാനങ്ങളും തങ്ങളുടെ കടം വാങ്ങലില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കേവലം തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉത്പാദനക്ഷമമല്ലാത്ത വന്‍ ചെലവുകളില്‍ നിന്ന് വിട്ടുനില്‍ക്കണം.

ഇതിന് പകരം ചെലവിന്‍റെ ഗുണമേന്‍മ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാകണം. ഇത് വഴി അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താം. സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകും. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ പണം ചെലവാക്കുന്നതിന് പകകം മാനുഷിക മൂലധനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ ഇത് കൂടുതല്‍ ഉത്പാദനപരമാകും. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ കൂടുതല്‍ പണം ചെലവാക്കുന്നതിനായി പൊതു -സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഇത് സംസ്ഥാനങ്ങളുടെ കടബാധ്യത കുറയ്ക്കാന്‍ സഹായകമാകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരവരുടെ സാമ്പത്തിക ശേഷിയും ധന ആവശ്യങ്ങളും അനുസരിച്ച് ഈ രണ്ട് സമീപനങ്ങളില്‍ ഏതെങ്കിലും ഒന്നോ രണ്ടും കൂടിയോ പിന്തുടരാവുന്നതാണ്. ഇത് രാജ്യത്ത് മതിയായ സാമ്പത്തിക ഇടമൊരുക്കുകയും പുതിയ നിക്ഷേപങ്ങളെത്തുന്നതിന് സഹായിക്കുകയും ചെയ്യും. ക്രമേണ ഇത് സുസ്ഥിരമായ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയിലേക്ക് നമ്മെ നയിക്കുകയും രാജ്യത്തിന്‍റെ കടബാധ്യത കുറയ്ക്കുകയും ചെയ്യും.

Also Read:പ്രതിരോധ ബജറ്റ്; സ്വാശ്രയത്വത്തിലേക്കും ആധുനികവല്‍ക്കരണത്തിലേക്കുമുള്ള ജൈത്രയാത്ര

തെരഞ്ഞെടുപ്പ് ചൂട് കുറയുകയും പുതിയ അധികാരികള്‍ രംഗത്തെത്തുകയും ചെയ്യുമ്പോള്‍ കടബാധ്യത കുറയ്ക്കാനാകണം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടത്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കൊപ്പം സമ്പദ്ഘടനയ്ക്കും പ്രാധാന്യം നല്‍കി വേണം സര്‍ക്കാരുകള്‍ മുന്നോട്ട് നീങ്ങേണ്ടത്.

ABOUT THE AUTHOR

...view details