മുംബൈ:ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും. ബിജെപി കോര്‍ കമ്മിറ്റി അദ്ദേഹത്തിന്‍റെ പേരിന് അംഗീകാരം നല്‍കിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഇതോടെ പതിനൊന്ന് ദിവസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യ സര്‍ക്കാരിനെ ഫഡ്‌നാവിസ് തന്നെ നയിക്കും. നാളെ മുംബൈയിലെ ആസാദ് മൈതാനത്താണ് ഫഡ്‌നാവിസിന്‍റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമാന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞയ്‌ക്ക് എത്തും. ആഭ്യന്തരമന്ത്രിപദം ശിവസേനയ്ക്ക് നല്‍കുമെന്നാണ് സൂചന. മുന്‍സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിപദം ബിജെപിയാണ് കൈയ്യാളിയിരുന്നത്.
ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസമായി ഏക്‌നാഥ് ഷിന്‍ഡെ അസുഖബാധിതനാണ്. രണ്ട് ദിവസം വിശ്രമിച്ച ശേഷം അദ്ദേഹം ചുമതലകളിലേക്ക് തിരിച്ചെത്തുമെന്നാണ് ശിവസേന വക്താവ് അരുണ്‍സാവന്ത് പ്രതികരിച്ചത്. ഡോക്‌ടര്‍മാര്‍ ഒന്ന് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന് ശേഷം അദ്ദേഹം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പഞ്ചായത്ത്, ജില്ല പരിഷത്ത് തെരഞ്ഞെടുപ്പുകളില്‍ സജീവമാകുമെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
288 അംഗ നിയമസഭയില്‍ ബിജെപി തനിച്ച് 132 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ശിവസേനയും എന്‍സിപിയും യഥാക്രമം 57, 41 സീറ്റുകള്‍ വീതം നേടി. പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. കോണ്‍ഗ്രസ്, ശിവസേന(യുബിടി), എന്‍സിപി(എസ്‌പി) എന്നിവരടങ്ങിയ സഖ്യത്തിന് കേവലം 50 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. സമീപകാല ചരിത്രത്തില്‍ സഖ്യത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫഡ്‌നാവിസിനെ പുകഴ്‌ത്തി ബിജെപി നേതാക്കള്‍
മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ തങ്ങളുടെ സഹോദരനായ ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രി പദത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നിയമസഭാ കക്ഷി യോഗത്തിന് തൊട്ടുമുമ്പ് മഹാരാഷ്‌ട്ര ബിജെപി മഹിള മോര്‍ച്ച അധ്യക്ഷ ചിത്ര കിഷോര്‍ വാഗ് പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയിലെ സ്‌ത്രീകളുടെ പ്രിയ സഹോദരന്‍റെ പേര് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചിരുന്നു. അങ്ങനെയായാല്‍ തങ്ങള്‍ സഹോദരിമാരെല്ലാം സന്തോഷിക്കും. വികസനത്തിനും മഹാരാഷ്‌ട്രയുടെ ഭാവിക്കും ദേവേന്ദ്ര ഫഡ്‌നാവിസിെന ആവശ്യമുണ്ടെന്നായിരുന്നു എംഎല്‍എ രവി റാണ പറഞ്ഞത്. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിപദത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാര്‍ട്ടി നിയമസഭാ കക്ഷിയോഗ നിരീക്ഷകരായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും സംസ്ഥാനത്ത് എത്തിയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമാജികരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നായിരുന്നു രൂപാണി പ്രതികരിച്ചത്. ഐകകണ്ഠേനയാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ പാരമ്പര്യം അനുസരിച്ചാകും നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുക. നാളെ തന്നെ പുതിയ നേതാവ് ചുമതലയേല്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിധാന്‍ ഭവനിലാണ് നിര്‍മ്മലയും വിജയ് രൂപാണിയും സമാജികരുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ബിജെപിയുടെ തീരുമാനത്തെ താന്‍ പിന്തുണയ്ക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read:ഫട്‌നാവിസിനെതിരെയുള്ള ഷിന്‍ഡെയുടെ തന്ത്രങ്ങള്‍ക്ക് പിന്നിൽ ഡൽഹിയിലെ ശക്‌തികൾ; വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്