ന്യൂഡല്‍ഹി: കുടിവെള്ളത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്ന് സുപ്രീം കോടതി. ഡല്‍ഹിക്ക് അധികമായി 137 ക്യുസെക്‌സ് വെള്ളം നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിനോട് സുപ്രീം കോടതി ഉത്തരവിട്ടു. ഈ വെള്ളം ഡല്‍ഹിയിലെത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്‌ത് നല്‍കണമെന്ന് ഹരിയാനയോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 137 ക്യുസെക്‌സ് അധിക ജലം ഹിമാചല്‍പ്രദേശ് ഡല്‍ഹിക്ക് നല്‍കണമെന്നും ജസ്‌റ്റീസുമാരായ പ്രശാന്ത് കുമാര്‍ മിശ്രയും കെ വി വിശ്വനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഈ വെള്ളം വിട്ടുകൊടുക്കാന്‍ ഹിമാചല്‍ പ്രദേശിന് ബുദ്ധിമുട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഇതിന് വേണ്ട സൗകര്യം ഹരിയാന ഒരുക്കി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍പ്രദേശ് മുകളില്‍ നിന്ന് വിട്ടു കൊടുക്കുന്ന വെള്ളം ഹരിയാനയിലെ ഹതിനി കുണ്ട് അണക്കെട്ടില്‍ എത്തുന്നു. അവിടെ നിന്ന് വാസിറാബാദിലൂടെ ഡല്‍ഹിയിലേക്ക് വെള്ളമെത്തും.
ഹരിയാനയെ മുന്‍കൂട്ടി അറിയിച്ച ശേഷമാകും ഹിമാചല്‍ സര്‍ക്കാര്‍ അധിക ജലം തുറന്ന് വിടുക. ഹരിയാന ഈ അധിക ജലം ഹതിന്‍കുണ്ട് അണക്കെട്ട് വഴി വാസിറാബാദ് അണക്കെട്ടിലേക്ക് എത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്‌ത് കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെ ഡല്‍ഹിക്ക് തടസങ്ങളില്ലാതെ വെള്ളം കിട്ടും. ഡല്‍ഹി സര്‍ക്കാർ ഇതില്‍ ഒരു തുള്ളി വെള്ളം പോലും പാഴാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.