ന്യൂഡൽഹി :വൺ റാങ്ക് വൺ പെൻഷൻ (ഒആർഒപി) പദ്ധതി സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. തീരുമാനം വൈകുന്നത് കാരണം വിരമിച്ച കരസേന ക്യാപ്റ്റൻമാർക്ക് പെന്‍ഷന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നതില്‍ സുപ്രീം കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. പെന്‍ഷന്‍ 10 ശതമാനം വര്‍ധിപ്പിച്ച് നൽകിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ട് ലക്ഷം രൂപ കേന്ദ്ര സർക്കാരിന് മേൽ ചുമത്തിയ സുപ്രീം കോടതി തുക സൈന്യത്തിന്‍റെ ക്ഷേമനിധിയിൽ നിക്ഷേപിക്കണമെന്ന് നിർദേശിച്ചു. നവംബർ 14-ന് അകം തീരുമാനമെടുത്തില്ലെങ്കിൽ വിരമിച്ച ക്യാപ്റ്റൻമാർക്ക് 10 ശതമാനം വര്‍ധിത പെൻഷൻ നൽകാന്‍ നിര്‍ദേശിക്കുമെന്നും ബെഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകി. വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ അപാകതകളും കേന്ദ്രം പരിഹരിക്കണമെന്നും ബെഞ്ച് പറഞ്ഞു.