ന്യൂഡൽഹി: ഒന്നിലധികം സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുൻ എംപി പ്രജ്വല്‍ രേവണ്ണ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ ബാലാജി ശ്രീനിവാസൻ മുഖേനയാണ് രേവണ്ണ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
രേവണ്ണയ്‌ക്കായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയില്‍ ഹാജറായി. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും എന്നാൽ പരിഗണിക്കേണ്ട രണ്ട് മൂന്ന് ഘടകങ്ങളുണ്ടെന്നും റോത്തഗി വാദിച്ചു. 'പരാതിയിൽ സെക്ഷൻ 376-മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ല', തന്‍റെ കക്ഷി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഈ കാരണങ്ങളാലാണ് തോല്‍വി വഴങ്ങിയതെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും വിദേശത്തായിരുന്ന തന്‍റെ കക്ഷി തിരികെ വന്ന് കീഴടങ്ങുകയായിരുന്നുവെന്നും റോത്തഗി വാദിച്ചു. എന്നാല്‍ പ്രതി വളരെ ശക്തനായ ആളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.