ന്യൂഡല്‍ഹി:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ (നീറ്റ്–യുജി) ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇരുപതിലേറെ ഹർജികളാണ് പരിഗണിക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് പലരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരീക്ഷ വീണ്ടും നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്. വീണ്ടും പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ഈ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കരുതെന്നുമാണ് ഇവരുടെ ആവശ്യം. നീറ്റ് യുജി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ച് സൂപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.