ന്യൂഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മെയ് 13 ന് ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് രാജ്യസഭാംഗമായ സ്വാതി മലിവാളിനെ ആക്രമിച്ചതായാണ് കേസ് . തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നുൾപ്പെടെയുള്ള വ്യവസ്ഥകൾ ചുമത്തിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
51 സാക്ഷികളെ കൂടി വിസ്‌തരിക്കാൻ പ്രോസിക്യൂഷൻ നിർദേശിച്ചിട്ടുണ്ടെന്നും കേസ് അവസാനിക്കാൻ സമയമെടുക്കുമെന്നും ഇത്രയും കാലം കക്ഷിയെ കസ്‌റ്റഡിയിൽ വെക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞ സ്ഥിതിക്ക് മറ്റു പ്രശ്‌നങ്ങളില്ല. ജാമ്യം നിഷേധിക്കാൻ മാത്രം ഗൗരവമുള്ള ആക്രമണം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
100 ദിവസങ്ങൾക്ക് ശേഷമാണ് ബിഭവ് കുമാറിന് ജാമ്യം ലഭിക്കുന്നത്. കേസിൽ വിധി വരുന്നതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിലോ ബന്ധപ്പെട്ട ഓഫീസുകളിലോ നിയമനം നൽകാൻ പാടില്ല. സാക്ഷി വിസ്‌താരം കഴിയുന്നത് വരെ മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിക്കരുതെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.