ന്യൂഡൽഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിൽ നിന്ന് പുറത്തുവരില്ലെന്ന് ഉറപ്പാക്കാൻ സര്‍വ സംവിധാനങ്ങളും ശ്രമിക്കുകയാണെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍. ഇതെല്ലാം സ്വേച്ഛാധിപത്യത്തിനും അടിയന്തരാവസ്ഥയ്ക്കും സമാനമാണെന്നും സുനിത പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ടുള്ള എക്‌സിലെ പോസ്റ്റിലാണ് സുനിത കെജ്‌രിവാളിന്‍റെ പ്രതികരണം.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 20ന് തൻ്റെ ഭർത്താവിന് ജാമ്യം ലഭിച്ചെന്നും ഉടന്‍ തന്നെ ഇഡി ഉത്തരവില്‍ സ്റ്റേ നേടിയെന്നും സുനിത പോസ്‌റ്റില്‍ പറഞ്ഞു. 'അടുത്ത ദിവസം തന്നെ സിബിഐ അദ്ദേഹത്തെ പ്രതിയാക്കി. ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു. ആ മനുഷ്യൻ ജയിലിൽ നിന്ന് പുറത്ത് വരാതിരിക്കാൻ മുഴുവന്‍ സംവിധാനവും ശ്രമിക്കുകയാണ്. ഇത് നിയമമല്ല. ഇത് സ്വേച്ഛാധിപത്യമാണ്. ഇതാണ് അടിയന്തരാവസ്ഥ'യെന്ന് സുനിത കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.
കെജ്‌രിവാളിൻ്റെ അറസ്റ്റിനെ എഎപിയും അപലപിച്ചു. 'ഏകാധിപതി ക്രൂരതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു. ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരിക്കെ ബിജെപി പരിഭ്രാന്തിയിലായി. കെജ്‌രിവാളിനെ കള്ളക്കേസിൽ സിബിഐ അറസ്റ്റ് ചെയ്‌തു. സ്വേച്ഛാധിപതി, നിങ്ങൾ എത്ര അടിച്ചമർത്താന്‍ നോക്കിയാലും കെജ്‌രിവാൾ തലകുനിക്കുകയോ തകരുകയോ ചെയ്യില്ലെന്ന് എഎപി എക്‌സില്‍ പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ ഇന്നാണ് (ജൂണ്‍ 26) അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ഔദ്യോഗികമായി അറസ്റ്റ് ചെയ്‌തത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 മുതൽ കെജ്‌രിവാൾ ജയിലിലാണ്. മെയ് 10ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി 21 ദിവസത്തേക്ക് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Also Read :മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്‌തു - CBI ARRESTED ARAVIND KEJRIWAL