അമരാവതി: ആന്ധ്രപ്രദേശില്‍ കോളജ് വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. എസ്ആർ ഗുഡ്‌വല്ലേരു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചത്.
കേസില്‍ അറസ്റ്റിലായ കോളജിലെ അവസാന വര്‍ഷം വിദ്യാര്‍ഥിക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇന്നലെ (ഓഗസ്റ്റ് 29) വൈകിട്ടാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ വിദ്യാര്‍ഥികള്‍ ഒളിക്യാമറ കണ്ടെത്തിയത്. ഇതോടെ കോളജിലും പൊലീസിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കി. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ വിജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്‌തു.