ഹൈദരാബാദ് :കരിംനഗറിലെ മഹാത്മാ ജ്യോതിബാപുലെ തെലങ്കാന പിന്നോക്ക വിഭാഗ വെൽഫെയർ റെസിഡൻഷ്യൽ സ്‌കൂളിൽ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് 31 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് വിദ്യാർഥികളെ കരിംനഗർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ (ജനുവരി 7) പുലച്ചെയാണ് സംഭവം.
നേരിയ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് 23 വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഉച്ചയ്ക്ക് സമാന രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട എട്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്നും അവരെ ഡിസ്‌ചാർജ് ചെയ്‌തുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ കരിംനഗർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വീര റെഡ്ഡി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. 'വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഛർദ്ദിയും വയറുവേദനയുമാണ് അവർക്ക് അനുഭവപ്പെട്ടത്. വിദ്യാർഥികൾക്ക് ചികിത്സ നൽകി. എല്ലാവരും അപകടനില തരണം ചെയ്‌തു' എന്നും ഡോ. വീര റെഡ്ഡി പ്രസ്‌താവനയിൽ പറഞ്ഞു.