ഹൈദരാബാദ്: മലയാളത്തിലെ റോം-കോം ചിത്രമായ പ്രേമലുവിനോട് ആരാധന പ്രകടിപ്പിച്ച് ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലി. പ്രേമലുവിന്‍റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമാ വ്യവസായത്തിലെ പ്രതിഭകളെ അഭിനന്ദിക്കുകയും സംവിധായകൻ ഗിരീഷ് എഡിയുടെ റൊമാന്‍റിക് കോമഡി താൻ ആസ്വദിച്ചതായി അദ്ദേഹം പറയുകയും ചെയ്‌തു.
രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ഡബ്ബിംഗ് അവകാശം ഏറ്റെടുത്തതിനെ തുടർന്ന് പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് മാർച്ച് 8 ന് പുറത്തിറങ്ങി. മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്‍റെ വിജയ പരിപാടിയിൽ, എഴുത്തുകാരൻ ആദിത്യ ഒരുക്കിയ തെലുങ്ക് സംഭാഷണങ്ങളെ രാജമൗലി അഭിനന്ദിച്ചു. ഹാസ്യ സ്വഭാവമുള്ള ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക് തിയേറ്ററുകളിൽ കൂടുതൽ മെച്ചപ്പെട്ട കാഴ്‌ചാനുഭവം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.