രാമേശ്വരം:മത്സ്യബന്ധനത്തിനായി തമിഴ്‌നാട്ടിൽ നിന്നും പോയ തൊഴിലാളികളെ വീണ്ടും അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന. ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്ക് ബേ കടലിലെ ഡെൽഫ്‌റ്റ് ദ്വീപിന് സമീപത്ത് വച്ച് ഇന്ന് (ജൂലൈ 11) പുലർച്ചെയാണ് 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും ഒപ്പം മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടികൂടിയത്. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് രാമേശ്വരത്തെ മത്സ്യത്തൊഴിലാളി അസോസിയേഷൻ പുറത്തുവിട്ട വിവരം.
ശ്രീലങ്കയുടെ സമുദ്രാതിർത്തിയിൽ ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിർത്തി കടന്ന് മീൻ പിടിക്കുകയായിരുന്നു ഇവർ. മത്സ്യത്തൊഴിലാളികൾക്കിടയിൽ ഈ സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 1 തിങ്കളാഴ്‌ച ശ്രീലങ്കൻ നാവികസേന പാക്ക് ബേ കടൽ മേഖലയിൽ നിന്ന് 26 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും നാല് ബോട്ടുകളെയും പിടികൂടിയിരുന്നു.
പാക് ഉൾക്കടലിനോട് ചേർന്നുള്ള രാമേശ്വരം ദ്വീപ് മേഖലയിലെ പാമ്പനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു മത്സ്യത്തൊഴിലാളികൾ. പിന്നാലെ ശ്രീലങ്കൻ നാവികസേനയുടെ നീക്കത്തെ അപലപിച്ച് പാമ്പനിലെ മത്സ്യത്തൊഴിലാളികൾ കുടുംബസമേതം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. ജൂൺ അവസാനവാരവും ശ്രീലങ്കൻ കടൽത്തീരത്ത് നെടുന്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തിയതിന് 22 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയതായി രാമേശ്വരം മത്സ്യത്തൊഴിലാളി അസോസിയേഷൻ അറിയിച്ചു.