അയോധ്യ (യുപി) :ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്ക് ശേഷം അയോധ്യയിലെ ജനങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് അയോധ്യയിലെ മുൻ സമാജ്‌വാദി പാർട്ടി എംഎൽഎ തേജ് നരേൻ പാണ്ഡെ ശനിയാഴ്‌ച അധികാരികളോട് ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുമുതൽ, അയോധ്യയിലെ വോട്ടർമാർക്കെതിരെ നിരവധി ആളുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്ന് പാണ്ഡെ പറഞ്ഞു.
അയോധ്യയിലെ പൗരന്മാരെ അധിക്ഷേപിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് കർശന നടപടി സ്വീകരിക്കണമെന്ന് എസ്‌പി നേതാവ് വാർത്താസമ്മേളനത്തിൽ അയോധ്യയിലെ അധികാരികളോട് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ഓരോ ചുവടിലും അയോധ്യയിലെ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
'അയോധ്യയിലെ ജനങ്ങളുടെ വീടുകളും കടകളും നശിപ്പിക്കപ്പെട്ടു, ശരിയായ നഷ്‌ടപരിഹാരവും നൽകിയില്ല. സർക്കാരിന്‍റെ നിർദേശപ്രകാരം, പൊലീസ് ഭരണകൂടം ഭീഷണിയും സ്വേച്ഛാധിപത്യവും കൊള്ളയും ഉപയോഗിച്ചു. ആക്രമിക്കപ്പെട്ട പൊതുജനങ്ങൾ പരാതിയുമായി എത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ അവർ ബിജെപിയെ പരാജയപ്പെടുത്തി സമാജ്‌വാദി പാർട്ടിയെ തെരഞ്ഞെടുത്തു' -പാണ്ഡെ പറഞ്ഞു.