ഗദഗ് (കർണാടക): സ്വത്ത് തർക്കത്തിന്‍റെ പേരിൽ മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്താൻ യുവാവില്‍ നിന്ന് ക്വട്ടേഷന്‍ ഏറ്റെടുത്ത് എത്തിയവര്‍ ആളുമാറി കൊലപ്പെടുത്തിയത് വീട്ടില്‍ വിരുന്നിനെത്തിയവരെ ഉള്‍പ്പെടെ. കർണാടകയിലെ ഗദഗിലാണ് സംഭവം നടന്നത്. വിനായക് ബകലെ (31) എന്നയാളാണ് തന്‍റെ പിതാവ് പ്രകാശ് ബകലെയെയും രണ്ടാനമ്മ സുനന്ദയെയും സഹോദരൻ കാർത്തികിനെയും കൊല്ലാൻ ക്വട്ടേഷന്‍ നൽകിയത്.
ക്രൂരകൃത്യം നിര്‍വഹിക്കുന്നതിനായി വീട്ടിലെത്തിയപ്പോൾ കാർത്തികിന്‍റെ വിവാഹ നിശ്ചയത്തിന് എത്തിയ അതിഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവരെ വീട്ടുകാരായി തെറ്റിദ്ധരിച്ച ക്വട്ടേഷന്‍ കാര്‍ത്തികിനൊപ്പം അതിഥികളേയും കൊലപ്പെടുത്തുകയായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് പിതാവിന്‍റെ അനുവാദമില്ലാതെ വിനായക് ചില വസ്‌തുക്കൾ വിറ്റിരുന്നു. അതിനെ ചൊല്ലി അടുത്തിടെ പ്രകാശ് ബകലെയും വിനായകും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകം നടത്താൻ വിനായകനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.