ശ്രീനഗര്‍: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയുടെ സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ശങ്കര റാവു ഗോട്ടാപ്പു, എച്ച്എവി ഷാനവാസ് അഹമ്മദ് ഭട്ട് എന്നിവരാണ് മരിച്ചത്.
ഇന്നലെയുണ്ടായ (ജൂലൈ 11) അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സൈനികർക്ക് ജീവൻ നഷ്‌ടമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 1000 മണിക്കൂർ നീണ്ട സൈനിക ഉപകരണങ്ങളുടെ വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾക്കിടെ ഉപകരണത്തിന്‍റെ ഒരു ഭാഗം പൊട്ടി തെറിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ലേയിലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് സൈനികർ മരണപ്പെട്ടതെന്ന് ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ്, ഇന്ത്യൻ ആർമി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.