ഷിംല: കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം കേട്ടറിഞ്ഞാണ് മിക്കവരും ഇന്ന് ഹിമാചലില്‍ എത്തിയത്. ഷിംലയിലും റിഡ്‌ജ് ഗ്രൗണ്ടിലുമെല്ലാം രാവിലെ മുതല്‍ വിനോദ സഞ്ചാരികളുടെ തിരക്കായിരുന്നു. പ്രവചനം തെറ്റിയില്ല, സഞ്ചാരികളുടെ കണ്ണും മനസും നിറച്ചുകൊണ്ട് ഹിമാചലില്‍ മഞ്ഞുമഴ പെയ്‌തിറങ്ങി. കാണാനെത്തിയവരുടെ കണ്‍പീലികളും കവിള്‍ത്തടങ്ങളും നനുത്ത മഞ്ഞിനെ തൊട്ടു. സ്വപ്‌ന സാക്ഷാത്കാരത്തില്‍ പലരും നൃത്തം ചവിട്ടി.
ഡിസംബർ 23 തിങ്കളാഴ്‌ച ഹിമാചലില്‍ മഞ്ഞു വീഴ്‌ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഹിമാചലിന്‍റെ മുകൾ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് മുമ്പ് മഞ്ഞുവീഴ്‌ച ആരംഭിച്ചു. തലസ്ഥാനമായ ഷിംലയും പരിസര പ്രദേശങ്ങളും മഞ്ഞില്‍ മൂടി. ഈ ആഴ്‌ച മൂന്ന് ദിവസം കൂടി മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷത്തിനായി ഈ ദിവസങ്ങളിൽ നിരവധി വിനോദ സഞ്ചാരികളാണ് ഹിമാചലിലേക്ക് ഒഴുകിയെത്തുന്നത്. സഞ്ചാരികളുടെ മനസിലും കുളിര് കോരിയിട്ടാണ് ഷിംലയിലെ ചരിത്ര പ്രസിദ്ധമായ റിഡ്‌ജ് ഗ്രൗണ്ടില്‍ മഞ്ഞ് പെയ്‌തിറങ്ങിയത്. മഞ്ഞ് വീഴ്‌ച ആരംഭിച്ച സമയത്ത് നിരവധി വിനോദ സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു. മഞ്ഞുവീഴ്‌ചയ്ക്ക് ശേഷമുള്ള റിഡ്‌ജ് ഗ്രൗണ്ടിന്‍റെ കാഴ്‌ച ഒന്ന് കാണേണ്ടതാണെന്ന് സഞ്ചാരികള്‍ പറയുന്നു.
ഷിംലയിലെ മഞ്ഞു വീഴ്‌ച (ETV Bharat) നൃത്തം ചെയ്യുന്ന സഞ്ചാരികള്‍ (ETV Bharat) പലരും ആദ്യമായാണ് മഞ്ഞു വീഴ്‌ച നേരില്‍ കാണുന്നത്. കണ്ണിനെയും മനസിനെയും കുളിരണിയിച്ച കാഴ്‌ച ക്യാമറ കണ്ണില്‍ ഒപ്പിയെടുക്കാനും അവര്‍ മറന്നില്ല. 'കഴിഞ്ഞ 3 വർഷമായി താൻ ഷിംലയിൽ വരുന്നു. എന്നാൽ ഇത്തരമൊരു കാഴ്‌ച ഇതുവരെ കണ്ടിട്ടില്ല.' പഞ്ചാബിൽ നിന്നുമെത്തിയ വിനോദ സഞ്ചാരി സത്നാം ഇടിവി ഭാരതിനോട് പറഞ്ഞു. 'ആദ്യമായിട്ടാണ് മഞ്ഞ് വീഴ്‌ച കാണുന്നത്. ഇവിടെ ഇങ്ങനൊരു കാഴ്‌ച ഞങ്ങൾക്കായി ഒരുങ്ങുമെന്ന് ഞാന്‍ കരുതിയില്ല. മുടക്കിയ കാശ് മുതലായി'- ഗാസിയാബാദിൽ നിന്നും ഷിംല കാണാനെത്തിയ ഒരു വിനോദ സഞ്ചാരി പറഞ്ഞു.
ഈ വർഷം ഡിസംബറിൽ ഇത് രണ്ടാം തവണയാണ് ഷിംലയിലും ഹിമാചലിന്‍റെ മുകൾ പ്രദേശങ്ങളിലും മഞ്ഞു വീഴ്‌ച ഉണ്ടാകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഹിമാചലിലെ ഡിസംബര്‍ ഒരു മഞ്ഞു വീഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. മഞ്ഞില്‍ മൂടിയ ഒരു ക്രിസ്‌മസ് രാവാകും വിനോദ സഞ്ചാരികള്‍ക്ക് ഹിമാചല്‍ സമ്മാനിക്കുക. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ ഈ സീസണിൽ ഹിമാചൽ സന്ദർശിക്കാറുണ്ട്. മഞ്ഞു വീഴ്‌ച ഉണ്ടായതോടെ ക്രിസ്‌മസ്, പുതുവത്സര ദിനങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വ്യവസായികൾ.
ഷിംലയിലെ മഞ്ഞു വീഴ്‌ച (ETV Bharat) വരും ദിവസങ്ങളിൽ കാലാവസ്ഥ ഇങ്ങനെ
ഹിമാചലില്‍ ഡിസംബർ 23 ന് മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വരുന്ന ഏഴ് ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിസംബർ 24 ന് മധ്യ പർവത നിരകളിലും ഉയർന്ന പർവത പ്രദേശങ്ങളിലും മഴയും മഞ്ഞുവീഴ്‌ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഡിസംബർ 27, 28 തീയതികളിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ചെറിയ മഴയും മഞ്ഞുവീഴ്‌ചയും പ്രതീക്ഷിക്കുന്നു.
ഹിമാചൽ പ്രദേശിൽ ഏറെ നാളായി വരണ്ട കാലാവസ്ഥയായിരുന്നു. ഈ മഞ്ഞുവീഴ്‌ച സംസ്ഥാനത്തെ തോട്ടം കർഷകര്‍ക്കും സന്തോഷമേകുന്നതാണ്. ഹിമാചലിന്‍റെ പല മേഖലയിലും അതിരൂക്ഷമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഷിംലയുടെ മുകൾ പ്രദേശങ്ങൾക്കൊപ്പം ലാഹൗൾ സിപ്‌തി, കുളു, കിന്നൗർ തുടങ്ങിയ ജില്ലകളിലെ പല പ്രദേശങ്ങളിലും താപനില പൂജ്യത്തിലും മൈനസിലും എത്തിയിട്ടുണ്ട്. ടാബോയിൽ മൈനസ് 10.2, കുക്മേസരിയിൽ മൈനസ് 3.7, കൽപയിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയത്.
Also Read:സൂര്യകാന്തിപാടം കാണാന്‍ ഇനി അതിർത്തി കടക്കേണ്ട; സഞ്ചാരികളുടെ മനം കവർന്ന് ബൈസൺവാലിയിലെ നാൽപതേക്കർ