ബെംഗളൂരു :മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചു. പ്രജ്വല്‍ ലൈംഗിക വീഡിയോ വിവാദത്തില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതോടെ ബിജെപിയ്‌ക്ക് മേലുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ സമ്മര്‍ദം ശക്തമായി.
പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാനും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നയതന്ത്ര-പൊലീസ് സംവിധാനം ഉപയോഗിച്ച് നടപടി സ്വീകരിക്കാനും വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്ന് സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കയച്ച കത്തില്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണയെ നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സിദ്ധരാമയ്യ കത്തില്‍ വ്യക്തമാക്കുന്നു.
'ഹാസന്‍ എംപിയും ജെഡിഎസ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ നിരവധി സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌ത സംഭവം അറിഞ്ഞിരിക്കുമല്ലോ. പ്രജ്വല്‍ രേവണ്ണ നേരിടുന്ന ആരോപണം ഭയാനകവും ലജ്ജാകരവുമാണ്. ഇത് രാജ്യത്തിന്‍റെ മനസാക്ഷിയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്.