പൂനെ:അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് ബിജെപിയുടെ മാത്രം ആവശ്യമായിരുന്നില്ലെന്നും,ശിവസേനയും കോണ്‍ഗ്രസുമടക്കം ക്ഷേത്രത്തിന്‍റെ പങ്കാളികളായിരുന്നുവെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമുള്ള സാമുദായിക തര്‍ക്കങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ക്ഷേത്ര - മസ്‌ജിദ് തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രസ്‌താവന.
'രാമക്ഷേത്രം ഈ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. ആ ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിനായി എല്ലാവരും സംഭാവന നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബിജെപിയും പ്രധാനമന്ത്രി മോദിയും മാത്രമല്ല, ആർഎസ്എസ്, ബിജെപി, ശിവസേന, വിഎച്ച്പി, ബജ്റംഗ്‌ദൾ, കോൺഗ്രസ് എന്നിവരും ക്ഷേത്ര നിര്‍മാണത്തിന് സംഭാവന നൽകി.
ക്ഷേത്രം പണിതതുകൊണ്ട് മാത്രം ആർക്കും നേതാവാകാൻ കഴിയില്ല എന്നത് ശരിയാണ്. ഈ രാഷ്‌ട്രം ഒരു ക്ഷേത്രമാണ്, നിങ്ങൾ അത് പണിയണം... മോഹൻ ഭഗവത്, നിങ്ങളാണ് ഇത്തരക്കാരെ അധികാരത്തിലെത്തിച്ചത്. അതിനാൽ ഇപ്പോൾ നിങ്ങൾ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം,' എന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു.