ബെംഗളൂരു:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ നിറയുന്നത് അനിശ്ചിതത്വം. കരയില്‍ ലോറിയില്ലെന്ന് തെരച്ചിൽ നടത്തുന്ന സൈന്യം. റോഡിലെ മണ്‍കൂനയില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നേരത്തെ രണ്ടിടങ്ങളില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചിരുന്നു. ഇതോടെ പരിശോധന പുഴയില്‍ നിന്നും മാറി റോഡിലേക്ക് കൂടുതല്‍ കേന്ദ്രീകരിച്ചു. പക്ഷെ മണ്ണ് മാറ്റി ഇവിടെ നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താനായില്ല.
എന്നാല്‍ നദീ തീരത്ത് മറ്റൊരു സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഈ പ്രദേശം മാര്‍ക്ക് ചെയ്‌ത് മണ്ണ് നീക്കി പരിശോധന ആരംഭിച്ചിട്ടുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ശേഷിയുള്ള ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറിയും പുഴയിലേക്ക് വീഴാനുള്ള സാധ്യത നേരത്തെ സൈന്യം തള്ളിയിരുന്നില്ല.
ഇതോടെ രാവിലെ മുതല്‍ ഗംഗാവലി പുഴയിലും സ്‌കൂബ ഡൈവേഴേ്സ് തെരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം 98 ശതമാനം മണ്ണും നീക്കിയെന്നും കരയില്‍ ലോറിയില്ലെന്നും ഇന്നലെ തന്നെ കർണാടക സര്‍ക്കാര്‍ പ്രതികരിച്ചു. എന്നാല്‍ കരയിലെ മണ്‍കൂനയില്‍ തെരച്ചില്‍ തുടരാന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കരയിലെ തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാനുള്ള തീരുമാനത്തിലാണ് സൈന്യം.
150 അടിയോളം ഉയരത്തിൽനിന്നും ഇടിഞ്ഞുനിരങ്ങിയെത്തിയ മണ്ണിനൊപ്പം ലോറിയും പുഴയിലേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ടണ്‍കണത്തിന് മണ്ണ് വീണ്ടും ഇടിഞ്ഞ് വീഴുമ്പോള്‍ ലോറി പുഴയില്‍ മണ്ണിനടയില്‍ പെടാനും സാധ്യതയുണണ്ട്. അപകടം നടന്ന സ്ഥലത്ത് പുഴയ്‌ക്ക് 25 അടിയിലേറെ ആഴമാണുള്ളത്. പുഴയില്‍ നിന്നും വെളിയിലേക്ക് ഉയർന്ന് നിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ജില്ല ഭരണകൂടത്തിന് കൈമാറിയെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുണ്ട്.
അതേസമയം അര്‍ജുനായുള്ള തെരച്ചില്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്‌ച (16.07.24) രാവിലെ 8.30ന് ആയിരുന്നു അപകടം. കന്യാകുമാരി-പനവേൽ ദേശീയപാത 66ൽ മംഗളൂരു-ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപമാണ് മണ്ണിടിച്ചിലുണ്ടായ ഷിരൂര്‍. അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക് എത്തിയിരിക്കുയാണ്.