ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് (ജൂൺ 8) ഉച്ചയോടെ ന്യൂഡൽഹിയിൽ എത്തി. അയൽരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ഏഴ് രാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 9-നാണ് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ്. ഞായറാഴ്‌ച വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. രാഷ്ട്രപതി ഭവനിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു ഒരുക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കും.
ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ 'പ്രചണ്ഡ' എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ഹസീന ഇന്ന് ഉച്ചയോടെയാണ് ഡൽഹിയിൽ എത്തിയത്. അഹമ്മദ് അഫീഫും ഇന്ന് രാജ്യതലസ്ഥാനത്ത് എത്തും. മറ്റ് നേതാക്കൾ നാളെ (ഞായറാഴ്‌ച) എത്തും.