ന്യൂഡെൽഹി: 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് ആര്‍ജെഡി നേതൃത്വം കൊടുക്കുന്ന മഹാസഖ്യത്തില്‍ നിന്ന് കൂറുമാറി നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. ബിഹാറിലെ ജെഡിയു നേതാവിൻ്റെ കൂറുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ (Shashi Tharoor took a swipe at Nitish Kumar).
'സ്നോലിഗോസ്റ്റർ' (snollygoster) എന്ന ഒറ്റ വാക്കിലൂടെയാണ് തരൂർ നിതീഷ് കുമാറിനെ വിശേഷിപ്പിച്ചത്. 'കൗശലക്കാരൻ', 'തത്വദീക്ഷയില്ലാത്ത രാഷ്‌ട്രീയക്കാരൻ' എന്നെല്ലാമാണ് ഈ വാക്കിന്‍റെ അർഥം. സാധാരണക്കാർക്ക് പൊതുവെ പരിചിതമല്ലാത്ത ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ച് സമൂഹ മാധ്യമങ്ങളുടെ ഉൾപ്പടെ ശ്രദ്ധ പിടിച്ചുപറ്റാറുള്ള നേതാവാണ് തരൂർ.
ഇപ്പോഴിതാ തരൂറിന്‍റെ പുതിയ വാക്കും ചർച്ചയാവുകയാണ്. അതേസമയം ഇതാദ്യമായല്ല 'സ്നോലിഗോസ്റ്റർ' എന്ന പദം തരൂർ പ്രയോഗിക്കുന്നത്. നേരത്തെ, 2017ൽ നിതീഷ് കുമാർ ബിജെപിയിലേക്ക് ചേക്കേറിയതിനെ പരാമർശിച്ചും അദ്ദേഹം ഈ വാക്ക് ട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ 2019-ൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ ഈ സർക്കാരിനെ പിന്തുണച്ച ഘട്ടത്തിലും തരൂർ 'സ്നോലിഗോസ്റ്റർ' പ്രയോഗിച്ചിരുന്നു.
അതേസമയം മഹാഗത്ബന്ധനിലും മഹാസഖ്യത്തിലും പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യയിലും 'കാര്യങ്ങൾ നന്നായി നടക്കുന്നില്ല' എന്ന് പറഞ്ഞാണ് നിതീഷ് കുമാർ ഞായറാഴ്‌ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്, ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്. ബിഹാറിലെ മഹാഗത്ബന്ധനിൽ നിന്ന് - രാഷ്‌ട്രീയ ജനതാദളിനും (ആർജെഡി) കോൺഗ്രസിൽ നിന്നും പിരിഞ്ഞ് നിതീഷ് കുമാർ ബിജെപിയിൽ തിരിച്ചെത്തിയപ്പോഴുള്ള, 2017 ലെ തൻ്റെ ട്വീറ്റും തരൂർ പങ്കിട്ടിട്ടുണ്ട്. 'ഇത് മറ്റൊരു ദിവസത്തെയും വാക്കായിരിക്കുമെന്ന് കരുതിയില്ല'- നിതീഷ് കുമാറിൻ്റെ പേര് വെളിപ്പെടുത്താതെ തരൂർ ട്വീറ്റ് ചെയ്‌തു.
ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നിരവധി രാഷ്‌ട്രീയക്കാർ പക്ഷം മാറിയ പശ്ചാത്തലത്തിലാണ് തരൂറിൻ്റെ മൂർച്ചയുള്ള പരിഹാസം. അതേസമയം നിതീഷ് കുമാറിനെ ഓന്തിനോടാണ് കോൺഗ്രസ് ഉപമിച്ചത്. നിതീഷിൻ്റെ "വഞ്ചന" സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. പൽതു റാം, പാൽതു ചാച്ച എന്നിങ്ങനെയുള്ള വിളിപ്പേരുകൾ കൂടിയുണ്ട് നിതീഷിന്. തരം പോലെ നിറം മാറുന്നയാൾ എന്നാണ് ഇത് അഥമാക്കുന്നത്.
128 എംഎൽഎമാരുടെ പിന്തുണയാണ് നിതീഷിന് ഉള്ളത്. ജെഡിയുവിന് 45, ബിജെപിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4, ഒരു സ്വതന്ത്ര എംഎൽഎ എന്നിങ്ങനെയാണ് പിന്തുണ പ്രഖ്യാപിച്ചത്. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.